പാക്കിസ്ഥാനെതിരെ എളുപ്പം, ദക്ഷിണാഫ്രിക്കക്കെതിരായ കടുപ്പം; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാവുന്ന ചില കണക്കുകള്‍

By Web TeamFirst Published May 22, 2019, 3:22 PM IST
Highlights

പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യക്ക് ലോകകപ്പില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത്. ഇതുവരെ കളിച്ച ആറു കളികളില്‍ ആറും ജയിച്ചു. 100 ശതമാനം വിജയം. ഓസ്ട്രേലിയക്കെതിരെ ആകട്ടെ ഇതുവരെ 11 കളികളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് മുന്‍കാല റെക്കോര്‍ഡുകള്‍. ലോകകപ്പില്‍ പരസ്പരം കളിച്ചതില്‍ ഇന്ത്യക്ക് ഏറ്റവും മോശം റെക്കോര്‍ഡുളള ടീം ദക്ഷിണാഫ്രിക്കയാണ്. ഇതുവരെ കളിച്ച നാലു കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ കീഴടക്കാനായത്. വിജയശതമാനമാകട്ടെ 25% മാത്രം.

പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യക്ക് ലോകകപ്പില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത്. ഇതുവരെ കളിച്ച ആറു കളികളില്‍ ആറും ജയിച്ചു. 100 ശതമാനം വിജയം. ഓസ്ട്രേലിയക്കെതിരെ ആകട്ടെ ഇതുവരെ 11 കളികളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 27.27 ആണ് ഓസ്ട്രേലിയക്കെതിരായ വിജയശതമാനം.

ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ എന്നും ചതിച്ചിട്ടുള്ളത്. നാലു കളികളില്‍ നിന്നായി ബാറ്റിംഗ് നിര 971 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ബൗളര്‍മാര്‍ക്ക് ആകെ വീഴ്ത്താനായത് 22 വിക്കറ്റുകള്‍ മാത്രമാണ്. എക്കോണമി റേറ്റ് ആകട്ടെ 5.34 ആണ്. പാക്കിസ്ഥാനെതിരെ ആറ് കളികളില്‍ ബൗളര്‍മാര്‍ 52 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരെ 11 കളികളില്‍ 67 വിക്കറ്റ് മാത്രമാണ് ബൗളര്‍മാര്‍ നേടിയിട്ടുള്ളത്.

കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഡിവില്ലിയേഴ്സ് ക്രീസൊഴിഞ്ഞതോടെ ശക്തിചോര്‍ന്ന ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ജയിക്കാനാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 2015 ഏകദിന ലോകകപ്പിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച 12 ഏകദിനങ്ങളില്‍ എട്ടിലും ജയിക്കാനായി എന്നതും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്.

click me!