
അധ്യാപകനാകാൻ ആ വിഷയത്തില്‍ വലിയ ഗ്രാഹ്യമുണ്ടായിരിക്കണം. നല്ല അധ്യാപകനാകാൻ വിഷയത്തില്‍ വലിയ അനുഭവപരിചയവുമുണ്ടാകണം. ഒരു കായിക ഇനത്തിന്റെ പരിശീലകനൊക്കെയാകണമെങ്കില്‍ ആ ഇനത്തില്‍ പങ്കെടുത്ത് കഴിവ് തെളിഞ്ഞവരായിരിക്കണം. ഏതെങ്കിലും കായികഇനത്തില്‍ മുൻനിര പ്രകടനം നടത്തിയവര്‍ക്കേ അതിന്റെ കോച്ചാകാൻ പറ്റൂവെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. നല്ല അനുഭവപരിചയമുണ്ടെങ്കില്‍ കൂടുതല്‍ തിളങ്ങാൻ പറ്റൂവെന്ന് മാത്രം. എന്നാല്‍ രാജ്യാന്തര മത്സരങ്ങളില്‍ ഒട്ടും പരിചയമില്ലാത്ത ഒരു കോച്ച് ഒരു രാജ്യത്തിന് നേടിക്കൊടുത്തത് ഒന്നല്ല, രണ്ട് ലോകകപ്പാണ്. ജോണ്‍ ബുക്കാനനാണ് ആ കോച്ച്.
ഒരു രാജ്യാന്തരക്രിക്കറ്റ് മത്സരത്തില്‍ പോലും ജോണ്‍ ബുക്കാനന്‍ പങ്കെടുത്തിട്ടില്ല. ക്വീന്‍സ്‌ലന്‍ഡിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചതാണ് കോച്ചിന്റെ മത്സര പരിചയം. എന്നാല്‍ സാങ്കേതികതയിലൂന്നിയ പരിശീലന രീതികള്‍ സ്വീകരിക്കുന്ന ബുക്കാനന്‍ രണ്ട് തവണയാണ് ഓസീസ് ടീമിന് ലോകകിരീടം നേടിക്കൊടുത്തത്- 2003ലും 2007ലും.
മാര്‍ഷിന് പകരക്കാരനായാണ് 1999ലാണ് ജോണ്‍ ബുക്കാനന്‍ ഓസീസ് ടീമിന്റെ പരീശീലകനാകുന്നത്. പിന്നീട് ക്രിക്കറ്റില്‍ ഓസീസിന്റെ അശ്വമേധമായിരുന്നു. ബുക്കാന്‍ പ്രരിശീലകനായിരിക്കുമ്പോള്‍ 16 ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയമെന്ന റെക്കോര്‍ഡ് നേട്ടമാണ് ഓസീസ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ പരിശീലകനായും ബുക്കാനന്‍ സേവനമനുഷ്‍ഠിച്ചിട്ടുണ്ട്.