
മുംബൈ: ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരക്കാരന്‍ മായങ്ക് അഗര്‍വാളാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല മായങ്ക്. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള അമ്പാട്ടി റായുഡുവിനെ മറികടന്നാണ് മായങ്കിനെ സെലക്‌ടര്‍മാര്‍ പരിഗണിച്ചത്.
റായുഡുവിനെ മറികടന്ന് മായങ്ക് ടീമിലെത്തുന്നത് ആരാധകര്‍ക്ക് വലിയ അത്ഭുതമാണ് സമ്മാനിക്കുന്നത്.
നാലാം നമ്പറില്‍ ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് റായുഡു. എന്നാല്‍ മോശം ഫോമിലായിരുന്ന റായുഡുവിന് പകരം വിജയ് ശങ്കറിനെ ഇന്ത്യ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അമ്പാട്ടി റായുഡുവിനെ സ്റ്റാന്‍ഡ് ബൈ താരമായി നിലനിര്‍ത്തുകയും ചെയ്തു. '3ഡി' താരമാണ് ശങ്കര്‍ എന്നതാണ് സെലക്‌ടര്‍മാര്‍ ഇതിന് പറഞ്ഞ ന്യായീകരണം.