ഷാക്കിബ് വേറെ ലെവലാണ്

By Web TeamFirst Published Jun 25, 2019, 10:16 AM IST
Highlights

ഒരു വിജയം കൊതിച്ചെത്തിയ അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശ് 62 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഷാക്കിബ് എന്ന ബംഗ്ലാ കടുവയുടെ മുന്നില്‍ അഫ്ഗാന്‍റെ മിന്നും താരങ്ങളും അടിയറവ് പറഞ്ഞു.

കിടിലന്‍, വേറെ ലെവല്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തിലെ ഷാക്കിബ് അല്‍ ഹസന്‍റെ പ്രകടനത്തെക്കുറിച്ച് അങ്ങനെയേ പറയാന്‍ കഴിയൂ. ഷാക്കിബിന്‍റെ ഓള്‍റൗണ്ട് മികവിലാണ് ബംഗ്ലാ കടുവകള്‍ അഫ്ഗാനെ തകർത്തത്. ഒരു വിജയം കൊതിച്ചെത്തിയ അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശ് 62 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഷാക്കിബ് എന്ന ബംഗ്ലാ കടുവയുടെ മുന്നില്‍ അഫ്ഗാന്‍റെ മിന്നും താരങ്ങളും അടിയറവ് പറഞ്ഞു. 

അര്‍ധസെഞ്ചുറി നേടിയ ഷാക്കിബ് 10 ഓവറില്‍ വെറും 29 റണ്‍സ് മാത്രം വിട്ടു കൊടുത്ത് വീഴ്ത്തിയത് അഞ്ച് വിക്കറ്റ്.  മികച്ച പെര്‍ഫോമന്‍സാണ് ലോകകപ്പിലുടനീളം താരം പുറത്തെടുത്തത്. കളത്തിലിറങ്ങിയ ആറു മത്സരങ്ങളിൽ അഞ്ചു തവണയും ഷാക്കിബ് 50 തിനു മുകളിൽ സ്കോർ ചെയ്തു. ഓസ്ട്രേലിയക്കെതിരെ 41 റൺസിന് പുറത്തായതാണ് ചെറിയ സ്കോർ. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ടീമുകൾക്ക് എതിരെ സെഞ്ച്വറിയുമുണ്ട്. 11 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരവും ലോക ക്രിക്കറ്റിലെ പത്തൊമ്പതാമനും ഷാക്കിബാണ്. 

2011 ലോകകപ്പിലെ, ഇന്ത്യയുടെ യുവരാജ് സിംഗിന്‍റെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്ന പോരാട്ട വീര്യമാണ് താരം അഫ്ഗാനെതിരായ മത്സരത്തില്‍ പുറത്തെടുത്തത്. യുവിക്ക് പിന്നാലെ ലോകകപ്പിൽ ഒരു മത്സരത്തിൽ തന്നെ 50 റൺസിലധികവും 5 വിക്കറ്റും നേടുന്ന രണ്ടാമനായി താരം. അഫ്ഗാനിസ്ഥാനെതിരായ വലിയ വിജയത്തോടെ ബംഗ്ലാദേശ് സെമിസാധ്യത നില നിര്‍ത്തുകയും പോയന്‍റ് പട്ടികയില്‍ അഞ്ചാമതെത്തുകയും ചെയ്തു.

click me!