Latest Videos

പറഞ്ഞ വാക്ക് ഗെയില്‍ പാലിക്കുമോ; എല്ലാം ഇന്നറിയാം

By Web TeamFirst Published Jul 4, 2019, 11:06 AM IST
Highlights

വെസ്റ്റ് ഇൻഡീസിന്‍റെ ലോകകപ്പ് ചരിത്രത്തിൽ നിരവധി നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെങ്കിലും ഈ ലോകകപ്പിൽ തിളങ്ങാൻ താരത്തിനായില്ല

ലണ്ടന്‍: വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ്ഗെയിലിന്‍റെ അവസാന ലോകകപ്പ് മത്സരമായിരിക്കും അഫ്ഗാനെതിരെ നടക്കുക. വെസ്റ്റ് ഇൻഡീസിന്‍റെ ലോകകപ്പ് ചരിത്രത്തിൽ നിരവധി നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെങ്കിലും ഈ ലോകകപ്പിൽ തിളങ്ങാൻ താരത്തിനായില്ല. 38 പിന്നിട്ട യൂണിവേഴ്സൽ ബോസ് ഇനിയൊരു ലോകപോരാട്ടത്തിനെത്തില്ല. ഒരു ജയത്തോടെ ലോകകപ്പിനോട് വിടചൊല്ലുകയാണ് ഇനി ബാക്കിയുള്ളത്. 

പറഞ്ഞ് വച്ചൊരു കണക്ക് കൂടി തീർക്കാനുണ്ട് താരത്തിന്. ഒരു സെഞ്ചുറിയോടെ മടങ്ങുമെന്ന് ദ്വീപ് രാഷ്ട്രക്കാർക്ക് വാക്ക് നൽകിയിട്ടുണ്ട് ഗെയ്ൽ. അത് പാലിച്ചാലും ഇല്ലെങ്കിലും ലോകകപ്പ് ചരിത്രത്തിൽ ദ്വീപുകാരുടെ ഉയർന്ന വ്യക്തിഗത സ്കോർ ഗെയ്ലിന്‍റെ പേരിലാണ്. 2015 ൽ സിംബാവേയ്ക്കെതിരെ നേടിയ ഇരട്ട സെഞ്ചുറി. 

ഈ ലോകകപ്പിൽ പക്ഷേ  വെടിക്കെട്ടുവീരൻ ഗെയ്‍ലിനെ കാണാനായില്ല. പല കളിയിലും ഇഴഞ്ഞ് നീങ്ങിയ ഇന്നിംഗ്സുകൾ. 33 റൺസ് ശരാശരിയിൽ 235 റൺസാണ് ഗെയ്ൽ നേടിയത്. റണ്ണെടുക്കാൻ വിഷമിച്ച ഗെയ്ൽ പക്ഷെ വാർത്തകളിൽ നിറ‍ഞ്ഞത് മൈതാനത്തെ തമാശകളിലൂടെയായിരുന്നു.

പന്തെറിയാനെത്തും മുൻപുള്ള നൃത്തം. മഴമൂലം കളിമുടങ്ങിയാൽ ക്യാമറയെടുക്കും ഗെയ്ൽ. രസച്ചരടുകൾ ഇനിയും നീളും. ലോകകപ്പോടെ വിരമിക്കാൻ പദ്ധതിയില്ലെന്ന് നേരത്തെ ഗെയ്ൽ വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാനും താരം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 

click me!