ഇന്ന് മിന്നിയാല്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കുക വലിയ റിക്കോര്‍ഡ്

By Web TeamFirst Published Jun 5, 2019, 12:04 PM IST
Highlights

ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ നേടിയ ഏക താരമാണ് രോഹിത് ശര്‍മ്മ

ലണ്ടന്‍: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യ ഇന്ന് ലോകകപ്പിന്‍റെ കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. വിരാട് കോലി നയിക്കുന്ന ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ രണ്ട് കളിയിലും പരാജയപ്പെട്ട് എത്തുന്ന ദക്ഷിണാഫ്രിക്ക പരിക്കിന്‍റെ പിടിയിലാണ്. കരുത്തന്മാരായ ഇംഗ്ലണ്ടിനോടും ദുര്‍ബലരായ ബംഗ്ലാദേശിനോടും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ വിജയം അഭിമാനപ്രശ്നമാണ്. 

എന്നാല്‍ മഴ ചതിക്കുമോയെന്നാണ് ഇരു ടീമുകളും ഭയപ്പെടുന്നത്. ബാറ്റിംഗിന് അനുയോജ്യമായ പിച്ചാണ് സൗത്താംപ്റ്റണിലുള്ളത്. അത് ഇന്ത്യയുടെ മികച്ച ബാറ്റിംഗ് നിരയ്ക്ക് ശക്തി പകരുമെന്നാണ് കരുതുന്നത്.മികച്ച ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ല് പിന്നിടും. 

ഇന്നു നടക്കുന്ന ദക്ഷിണാഫ്രിക്കയെക്കെതിരായ മത്സരത്തില്‍ 74 റണ്‍സ് അടിച്ചാല്‍ വലിയ റെക്കോര്‍ഡിലേക്കാണ് രോഹിത് ശര്‍മ്മ ചെന്നെത്തുക. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട മത്സരത്തില്‍ 12,000 റണ്‍സ് നേടുന്ന ഒമ്പതാമത്തെ താരമാകും രോഹിത്. നിലവില്‍ 11926 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കൊഹ്ലി, ഗാംഗുലി, എംഎസ് ധോണി, വിരേന്ദ്ര സേവാഗ്, മുഹമ്മദ് അസറുദ്ദീന്‍, സുനില്‍ ഗാവാസ്ക്കര്‍ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ നേടിയ ഏക താരമാണ് രോഹിത് ശര്‍മ്മ. ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി എത്തിയതോടെയാണ് താരം ശ്രദ്ധേയനായത്. നിലവില്‍ ഏകദിന റാങ്കിംഗില്‍ രണ്ടാം നമ്പര്‍ താരമാണ് രോഹിത്. 

click me!