ഈ ടീമാണ് ലോകകപ്പ് സ്വന്തമാക്കുക; വിജയിയെ പ്രവചിച്ച് ഷൊയിബ് അക്തര്‍

By Web TeamFirst Published Jul 14, 2019, 1:05 PM IST
Highlights

ഫൈനലില്‍ ആരാകും വിജയികളാകുകയെന്ന് പ്രവചിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം ഷൊയിബ് അക്തര്‍.  

ലണ്ടന്‍: കാത്തിരിപ്പുകള്‍ ഇന്ന് അവസാനിക്കും. ഏകദിന ലോകകപ്പിന്‍റെ അവകാശികളെ ഇന്നറിയാം. ഫൈനലില്‍ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ വിജയികള്‍ ആരാകുമെന്ന് പ്രവചിക്കാന്‍ പ്രയാസമേറും. ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയത്. ഓസീസിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും കലാശക്കളിയിലേക്ക് യോഗ്യത നേടി. ഫൈനലില്‍ ആരാകും വിജയികളാകുകയെന്ന് പ്രവചിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം ഷൊയിബ് അക്തര്‍.  

താരത്തിന്‍റെ വിലയിരുത്തലുകള്‍ ഇങ്ങനെ 

'കലാശക്കളിക്ക് ഇറങ്ങുമ്പോള്‍ ഇരുടീമുകള്‍ക്കും വലിയ സമ്മര്‍ദ്ദമാവും ഉണ്ടാകുക. ന്യൂസിലന്‍ഡ് കളിയുടെ എല്ലാ മേഖലയിലും തിളങ്ങണം. മാര്‍ട്ടിന്‍ ഗപ്റ്റില്‍ കിവികള്‍ക്ക് വേണ്ടി വലിയ സ്കോര്‍ സ്വന്തമാക്കി അടിത്തറ നല്‍കണം.

വലിയ ടീമാണ് ഇംഗ്ലണ്ട്. ഫേവറേറ്റുകളായാണ് അവര്‍ ലോകകപ്പിന്‍റെ ഫൈനലിലേക്ക് എത്തിയത്. ആദ്യം ബാറ്റ് ചെയ്യുന്നത് ഇംഗ്ലണ്ടാണെങ്കില്‍ ന്യൂസിലന്‍ഡിനെതിരെ വലിയ സ്കോര്‍ പടുത്തുയര്‍ത്താന്‍ താരങ്ങള്‍ക്ക് സാധിക്കും.

ബട്‍ലര്‍ മുന്‍നിരയില്‍ ബാറ്റിംഗിന് ഇറങ്ങണം. ഒരു അവസരം ലഭിച്ചാല്‍ അദ്ദേഹത്തിന് വലിയ സ്കോര്‍ സ്വന്തമാക്കാന്‍ സാധിക്കും. എന്‍റെ പ്രിയപ്പെട്ട ടീം ന്യൂസിലന്‍ഡ് ആണ്. പക്ഷേ എന്‍റെ അഭിപ്രായത്തില്‍ ലോര്‍ഡ്സില്‍ ചരിത്രം കുറിക്കുക ഇംഗ്ലണ്ടാകും. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ട് ആദ്യമായി സ്വന്തമാക്കും. ഫൈനലില്‍ ഒരു ത്രില്ലിംഗ് മാച്ച് ആണ് പ്രതീക്ഷിക്കുന്നത്'.

എന്നാല്‍ ഫൈനലില്‍ ബാറ്റിംഗ് തകര്‍ച്ചയുണ്ടായാല്‍ അത് വളരെ നിരാശപ്പെടുത്തുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. 

click me!