'ഇന്ത്യയുടെ നാലാം നമ്പറില്‍ നിലനിര്‍ത്തേണ്ടത് ഈ യുവതാരത്തെ': മൈക്കൽ ക്ലാർക്ക്

By Web TeamFirst Published Jul 6, 2019, 11:04 AM IST
Highlights

'രോഹിത് ശർമ്മയും വിരാട് കോലിയും ചേർന്ന് മികച്ച തുടക്കം നൽകിയാൽ ഇന്ത്യൻ ഇന്നിംഗ്സ് വൻ സ്കോറിലേക്ക് എത്തിക്കാൻ ഈ താരത്തിന് കഴിയും'

ലണ്ടന്‍: യുവരാജ് സിംഗിന് പിന്നാലെ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്കും. ഇന്ത്യയുടെ നാലാം നമ്പറിൽ പന്തിനെ നിലനിർത്തണമെന്നും മികച്ച പ്രകടനം ഇന്ത്യക്ക് പ്രതീക്ഷിക്കാമെന്നും മൈക്കൽ ക്ലാർക്ക് പറഞ്ഞു.

നാലാം നമ്പറിലേക്കുള്ള ഇന്ത്യൻ ബാറ്റ്സ്മാനെ കണ്ടെത്തിയെന്ന് നേരത്തെ റിഷഭ് പന്തിനെ ചൂണ്ടിക്കാട്ടി യുവരാജ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു.  ഈ അഭിപ്രായത്തെ പൂർണ്ണമായും പിന്താങ്ങുകയാണ് ഓസീസ് മുൻ നായകൻ മൈക്കൽ ക്ലാർക്ക്. 

"ഇന്ത്യൻ മധ്യനിരയുടെ കരുത്ത് കൂട്ടാൻ പന്തിലൂടെ കഴിഞ്ഞു. രോഹിത് ശർമ്മയും വിരാട് കോലിയും ചേർന്ന് മികച്ച തുടക്കം നൽകിയാൽ ഇന്ത്യൻ ഇന്നിംഗ്സ് വൻ സ്കോറിലേക്ക് എത്തിക്കാൻ റിഷഭ് പന്തിന് കഴിയും. ശരാശരി പ്രകടനം നടത്തുന്ന ദിവസം പോലും സ്ട്രൈക് റേറ്റ് 100 ൽ താഴെ പോകാതിരിക്കാൻ പന്ത് ശ്രദ്ധിക്കാറുണ്ടെന്നും മൈക്കൽ ക്ലാർക്ക് അഭിപ്രായപ്പെട്ടു. ലോകകപ്പ് കഴിഞ്ഞുള്ള പരമ്പരകളിലും പന്തിനെ നാലാം നമ്പറിൽ നിലനിർത്തണമെന്നും ഓസീസ് മുൻ നായകൻ പറയുന്നു.

ശിഖർ ധവാന് പരുക്കേറ്റതിന് പിന്നാലെയായിരുന്നു റിഷഭ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്. ഇംഗ്ലണ്ടിനെതിരെ 110 സ്ട്രൈക്ക് റേറ്റിൽ 32 റണ്‍സും ബംഗ്ലാദേശിനെതിരെ 117 സ്ട്രൈക്ക് റേറ്റിൽ 48  റൺസും താരം നേടുകയും ചെയ്തു. പന്തിനെ ഓപ്പണറായി ഇറക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നാലാം നമ്പറില്‍ മതിയെന്ന് മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നത്.

click me!