"ഇന്നത്തെ താരങ്ങളില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് വിരാട് കോലിയെ: പക്ഷേ പ്രിയതാരം മറ്റൊരാള്‍": ബ്രയാന്‍ ലാറ

By Web TeamFirst Published Jul 5, 2019, 10:03 AM IST
Highlights

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ സാധിക്കുന്ന താരം ഇന്ന് വിരാട് കോലി മാത്രമാണെന്നും ബ്രയാന്‍ ലാറ പറഞ്ഞു

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയാണ് ഇന്നത്തെ താരങ്ങളില്‍ ഏറെയിഷ്ടമെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. "ഇന്നത്തെ താരങ്ങളില്‍ ഏറ്റവും മികച്ചത് കോലിയാണ്. പക്ഷേ എന്‍റെ ഏറ്റവും ഫേവറേറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. പക്ഷേ ഈ കാലഘട്ടത്തിലെ താരങ്ങളില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് വിരാട് കോലിയെയാണ്. അദ്ദേഹം ഒരു റണ്‍ മെഷീനാണ്.

കോലിയും ലോകത്തിലെ മറ്റ് ബാറ്റ്സ്മാന്‍മാരും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ഈ ലോകകപ്പില്‍ രോഹിത് ശര്‍മ്മ നാലു സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. അത് പോലെ മറ്റ് ചില താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. പക്ഷേ ടെസ്റ്റ് മത്സരങ്ങളിലായാലും ഏകദിനത്തിലായാലും ടി-20 യില്‍ ആയാലും എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ സാധിക്കുന്ന താരം ഇന്ന് ലോകത്ത് വിരാട് കോലി മാത്രമാണെന്നും ലാറ അഭിപ്രായപ്പെട്ടു.

"പഴയ കാലഘട്ടത്തില്‍ നിന്നും മാറി വിദേശത്തും ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ അതിന് ഒരു കാരണമാണ്. നാട്ടിലും വിദേശത്തും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു". അത് ഇന്നത്തെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


 

click me!