
ലണ്ടന്‍: ഏകദിനത്തിൽ കഴിഞ്ഞ ഒന്നര വർഷമായി ബൗൾ ചെയ്യാത്ത ഏഞ്ചലോ മാത്യൂസിന്‍റെ പന്താണ് കളി ശ്രീലങ്കയ്ക്ക് അനുകൂലമാക്കിയത്. അപകടകാരിയായ നിക്കോളാസ് പൂരനെ ആദ്യ പന്തിൽ തന്നെ മാത്യൂസ് പുറത്താക്കി. അതായിരുന്നു കപ്പിനും ചുണ്ടിനുമിടയിൽ വെസ്റ്റ് ഇൻഡീസിന്‍റെ ജയം തട്ടിത്തെറിപ്പിച്ച പന്ത്. ഏഞ്ചലോ മാത്യൂസിനെ നാൽപത്തിയെട്ടാം ഓവർ എറിയാൻ വിളിച്ച നായകൻ ദിമുത് കരുണരത്നെയുടെ തീരുമാനം കണ്ട് മൂക്കത്ത് വിരൽ വച്ചവർ വിക്കറ്റ് വീണപ്പോൾ വാപൊത്തി നിന്നു.
ഒരു മികച്ച നീക്കമെന്നതിനേക്കാൾ ശ്രീലങ്കൻ ബൗളിംഗിന്‍റെ ഗതികേടാണ് ഏഞ്ചലോ മാത്യൂസിന്‍റെ കൈയ്യില്‍ പന്ത് എത്തിച്ചത്. വിൻഡീസിന് ജയിക്കാൻ മൂന്ന് ഓവറിൽ 30 റൺസ് മതിയായിരുന്നു. ക്രീസിൽ സെഞ്ചുറിയുമായി അപകടകാരിയായ നിക്കോളാസ് പുരാൻ. ശ്രീലങ്കൻ ബൗളിംഗിന്‍റെ കുന്തമുന ലസിത് മലിംഗയ്ക്ക് ബാക്കിയുള്ളത് ഒരു ഓവർ മാത്രം. മറ്റ് ബൗളർമാര്‍ 10 ഓവർ പൂർത്തിയാക്കി. മൂന്ന് ഓവർ ബാക്കിയുണ്ടെങ്കിലും ജെഫ്രി വാന്‍ഡെര്‍സെ അടിവാങ്ങുമെന്ന് തോന്നിച്ചു.
മറ്റുവഴിയില്ലാതെയാണ് നായകൻ ദിമുത് കരുണരത്നെ അവസാന മൂന്ന് ഓവറിൽ രണ്ട് ഓവർ പൂർത്തിയാക്കാൻ മാത്യൂസിനെ വിളിച്ചത്. പ്രായം കൂടുമ്പോൾ വീര്യമേറുന്ന ശ്രീലങ്കൻ വീഞ്ഞാണ് താനെന്ന് ഏഞ്ചലോ മാത്യൂസ് തെളിയിച്ചു.
നിക്കോളസിന്‍റെ വിക്കറ്റ് എടുത്തത് കൂടാതെ വെറും 3 റൺസാണ് ആ ഓവറിൽ വിട്ടു നൽകിയത്. ഒരു കാലത്ത് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറായിരുന്ന മാത്യൂസ് 2017 ഡിസംബറിലാണ് അവസാനമായി ഏകദിനത്തിൽ പന്തെറിഞ്ഞത്. 206 ഏകദിനങ്ങളിൽ 5381 റൺസും 114 വിക്കറ്റും മാത്യൂസിന്‍റെ പേരിലുണ്ട്.