
ലണ്ടന്‍: ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍വി അറിയാതെ മിന്നുന്ന ഫോമിലാണ് ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ,പാക്കിസ്ഥാന്‍ എന്നീ ടീമുകളെ തോല്‍പ്പിച്ച് എത്തുന്ന ഇന്ത്യയുടെ അടുത്ത എതിരാളികള്‍ അഫ്ഗാനിസ്ഥാനാണ്. കടലാസില്‍ അത്ര കരുത്തര്‍ അല്ലാത്തതിനാല്‍ അഫ്ഗാനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് ഒരുപാട് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമുണ്ട്.
അതില്‍ ഏറ്റവും പ്രാധാന്യമുള്ള ഘടകമാണ് നാലാം നമ്പര്‍. ഇന്ത്യയുടെ നാലാം നമ്പറിൽ ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധവാന് പകരം ഇംഗ്ലണ്ടിലെത്തിയ റിഷഭ് പന്ത് ടീമിന്‍റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ ഇന്നലെ ബാറ്റിംഗ് പരിശീലനത്തിന് അവസാനം അവസരം കിട്ടിയ പന്ത് നാളെ കളിക്കാൻ സാധ്യത കുറവാണ്.
പരിക്ക് വലച്ചില്ലെങ്കില്‍ ത്രീ ഡയമന്‍ഷനല്‍ എന്ന് വിശേഷണമുള്ള വിജയ് ശങ്കര്‍ തന്നെ നാലാമനായി എത്താനാണ് സാധ്യത. പക്ഷേ, ഋഷഭ് പന്ത് എത്തിയതോടെ ശ്രദ്ധേയനായ യുവ താരത്തിന് നാലാം നമ്പറില്‍ അവസരം നല്‍കണമെന്ന് വാദിക്കുന്നവര്‍ നിരവധിയാണ്. ഇങ്ങനെ വാദങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ വിജയ് ശങ്കറോ ഋഷഭ് പന്തോ എന്ന ചോദ്യത്തിന് പ്രതികരണം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.
വിജയം നേടിയ സംഘത്തില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. പരിക്കേറ്റ ഭുവിക്ക് പകരം മുഹമ്മദ് ഷമി എത്തും. എന്നാല്‍, ഋഷഭ് പന്തിനെക്കാള്‍ വിജയ് ശങ്കറിനെ കളിപ്പിക്കുന്നതാണ് ഉചിതം. പാക്കിസ്ഥാനെതിരെ മികച്ച പ്രകടനമാണ് വിജയ് നടത്തിയത്. സിക്സുകള്‍ അടിക്കാന്‍ നമുക്ക് ഒരുപാട് താരങ്ങള്‍ ഉണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് മോര്‍ഗനെക്കാള്‍ സിക്സുകള്‍ പായിക്കാന്‍ സാധിക്കും. കൂടാതെ രോഹിത് ശര്‍മയുമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.