'ഇങ്ങനെ ചതിക്കരുത്'; മഴ കളിക്കുന്ന ലോകകപ്പിനെതിരെ പ്രതിഷേധം ശക്തം; ബഹിഷ്കരണ ആഹ്വാനവും

By Web TeamFirst Published Jun 13, 2019, 4:50 PM IST
Highlights

മഴ മൂലം ഇതുവരെ മൂന്ന് മത്സരങ്ങളാണ് ലോകകപ്പില്‍ ഉപേക്ഷിക്കേണ്ടി വന്നത്. പാക്കിസ്ഥാന്‍-ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ടീമുകള്‍ പോയിന്‍റുകള്‍ പരസ്പരം പങ്കുവെച്ചു

ലണ്ടന്‍: ''നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോകകപ്പ് പോലും മര്യാദയ്ക്ക് നടത്താന്‍ സാധിക്കാത്ത ഐസിസി പിരിച്ച് വിടണം'', ''മഴ കളിക്കുന്ന ഈ ലോകകപ്പ് ആരാധകര്‍ കാണില്ലെന്ന് തീരുമാനിക്കണം''... ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ മഴ മൂലം മത്സരങ്ങള്‍ മുടങ്ങുന്ന സ്ഥിതി വന്നതോടെ ആരാധകര്‍ നടത്തുന്ന പ്രതികരണങ്ങളില്‍ ചിലതാണ് ഇവ.

ഐസിസിക്കെതിരെ വ്യാപക പ്രതിഷേധമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. മഴ മൂലം ഇതുവരെ മൂന്ന് മത്സരങ്ങളാണ് ലോകകപ്പില്‍ ഉപേക്ഷിക്കേണ്ടി വന്നത്. പാക്കിസ്ഥാന്‍-ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ടീമുകള്‍ പോയിന്‍റുകള്‍ പരസ്പരം പങ്കുവെച്ചു.

മഴ താറുമാറാക്കിയ ലോകകപ്പ് ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണംകൊണ്ട് ഇതിനകം റെക്കോര്‍ഡിട്ടുകഴിഞ്ഞു. ചരിത്രത്തില്‍ ഇതുവരെ ഒരു ക്രിക്കറ്റ് ലോകകപ്പിലും മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും നടന്ന 1992 ലോകകപ്പിലും 2003ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും രണ്ട് മത്സരങ്ങള്‍ വീതം ഉപേക്ഷിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ  ലോകകപ്പില്‍ റിസർവ് ദിനങ്ങൾ ഒഴിവാക്കിയതിന് വിശദീകരണവുമായി ഐസിസി രംഗത്ത് വന്നിരുന്നു. 'റിസർവ് ദിനം നടപ്പാക്കുക പ്രായോഗികമല്ല. ലോകകപ്പിന്‍റെ ദൈർഘ്യം ക്രമാതീതമായി നീണ്ടുപോകും. സ്റ്റേഡിയങ്ങളുടെ ലഭ്യത, ടീമുകളുടെയും ഒഫീഷ്യൽസിന്‍റെയും താമസം, കാണികളുടെ അടക്കമുള്ള മറ്റ് സൗകര്യങ്ങൾ എന്നിവയൊക്കെ പരിഗണിച്ചാണ് മത്സരക്രമം തയ്യാറാക്കിയത്. റിസർവ് ദിനത്തിൽ മഴ പെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും' ഐ സി സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവ് റിച്ചാർഡ്സൺ പറഞ്ഞു.

എന്നാല്‍, മഴക്കാലത്ത് എന്തിന് ലോകകപ്പ് വച്ചു എന്ന ചോദ്യം ഐസിസിക്കെതിരെ ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഇംഗ്ലണ്ടില്‍ ജൂണ്‍-ജൂലെെ മാസം വേനല്‍ക്കാലം ആണെന്നുള്ളതാണ് സത്യം. ഇംഗ്ലണ്ടിലെ കാലാവസ്ഥ പൊതുവേ 'നനഞ്ഞ'താണ്. എന്നാല്‍, മഴ കുറഞ്ഞ് നില്‍ക്കുന്ന മാസങ്ങളാണ് ജൂണും ജൂലെെയും. ഇപ്പോള്‍ ഇന്ത്യ- ന്യൂസിലന്‍‍ഡ് പോരാട്ടവും മഴമൂലം വെെകുമ്പോള്‍ ലോകകപ്പിനെതിരെയും ഐസിസിക്കെതിരെയും പ്രതിഷേധം ശക്തമാകുമെന്ന് ഉറപ്പാണ്. 

click me!