
ലീഡ്സ്: ലോകകപ്പിലെ അവസാന സ്ഥാനക്കാരുടെ ആത്മാഭിമാനത്തിന്‍റെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസ് വിജയം നേടി. വിജയം നേടി ലോകകപ്പില്‍ നിന്ന് മടങ്ങാമെന്നുള്ള ആഗ്രഹവുമായി ഇറങ്ങിയ ഇരുടീമുകളും തമ്മില്‍ ആവേശ പോരാട്ടമാണ് ലീഡ്സില്‍ നടന്നത്. എന്നാല്‍, ആദ്യ വിജയമെന്ന സ്വപ്നം സാധ്യമാക്കാന്‍ ഇറങ്ങിയ അഫ്ഗാന്‍ 23 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങി.
വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അഫ്ഗാന്‍റെ വീര്യം 288 റണ്‍സില്‍ അവസാനിച്ചു. ഇപ്പോള്‍ മത്സരശേഷം അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബ് ക്രിക്കറ്റ് ആരാധകരുടെ ട്രോള്‍ ഏറ്റുവാങ്ങുകയാണ്. മത്സരത്തില്‍ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയതിന്‍റെ പേരിലാണ് നെയ്ബ് ട്രോള്‍ ചെയ്യപ്പെടുന്നത്.
വിന്‍ഡീസ് ഇന്നിംഗ്സിന്‍റെ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്‍വെയിറ്റ് നല്‍കിയ അവസരമാണ് നെയ്ബ് പാഴാക്കിയത്. ബ്രാത്‍വെയിറ്റ് ഉയര്‍ത്തി അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ നിന്ന് പിടികൂടാന്‍ നെയ്ബ് ശ്രമിച്ചു. എന്നാല്‍, സൂര്യപ്രകാശം കാരണം നെയ്ബിന് കൃത്യമായി പന്ത് കെെയില്‍ ഒതുക്കാന്‍ സാധിച്ചില്ല.
എന്നാല്‍, ക്യാച്ച് കെെവിട്ട ശേഷം സൂര്യനെ നോക്കി പരിതപിക്കുന്ന നെയ്ബിനെ കാണാം. ഇതോടെ സൂര്യന്‍ ഒരിക്കലും നെയ്ബിന് വേണ്ടി മാറി നിന്ന് തരില്ലെന്നാണ് ആരാധകര്‍ അഫ്ഗാന്‍ നായകനോട് പറയുന്നത്.