
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ അമ്മയുടെ കാമുകൻ പാലത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ നോക്കിയ പത്ത് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പാലത്തിന് കീഴെയുള്ള പൈപ്പിൽ തൂങ്ങിക്കിടന്ന് പോക്കറ്റിലെ ഫോണെടുത്ത് നൂറിൽ വിളിച്ച പെൺകുട്ടിയെ അതിവേഗം പാഞ്ഞെത്തിയ പൊലീസ് രക്ഷിക്കുകയായിരുന്നു. പുഴയിൽ വീണ അമ്മയ്ക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും വേണ്ടി തെരച്ചിൽ തുടരുകയാണ്.
ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്ക് മുകളിലുള്ള പാലത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും യുവാവ് തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശിയായ അമ്മയ്ക്ക് ഒപ്പം കഴിഞ്ഞ ഒരു വർഷമായി താമസിച്ച് വരികയായിരുന്നു ഉലവ സുരേഷ് എന്ന യുവാവ്. രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്.
പുലർച്ചെയോടെ പാലത്തിന് അരികെ അമ്മയെയും കുഞ്ഞുങ്ങളെയും ഫോട്ടോ എടുക്കാൻ എന്ന പേരിൽ സുരേഷ് നിർത്തി.തുടർന്ന് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും പുഴയിൽ വീണു. പക്ഷേ പത്ത് വയസ്സുള്ള മൂത്ത മകൾ, പാലത്തിന് കീഴെയുള്ള പൈപ്പിൽ പിടിച്ചു നിന്നു. ഇവരെ തള്ളിയിട്ട ഉടൻ സുരേഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തൂങ്ങിക്കിടന്ന് കൊണ്ട് തന്നെ കുട്ടി പോക്കറ്റിലെ ഫോണെടുത്ത് നൂറിൽ വിളിച്ചു. വിവരമറിഞ്ഞ പൊലീസ് പാഞ്ഞെത്തി പുലർച്ചെ മൂന്നേ മുക്കാലോടെ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന ഗോദാവരി നദിയിലേക്ക് വീഴാതെ അദ്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്. പുഴയിൽ കാണാതായ അമ്മയ്ക്കും കുഞ്ഞിനും വേണ്ടി തെരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട പ്രതി എവിടെയെന്നതിൽ ഏകദേശ വിവരം ലഭിച്ചിട്ടുണ്ടെന്നും, ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
Read More : മകനെ കണ്ട് മടങ്ങും വഴി അച്ഛന്‍റെ ജീവനെടുത്ത് അപകടം; ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചു, ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam