കായംകുളം മുതൽ കൊല്ലം വരെ ഇരുന്നൂറ്റിയമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. നിരവധി മോഷണ, മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായത്.
കായംകുളം: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കൊല്ലം ഇരവിപുരം വാളത്തുംഗൽ പെരുമാൻതൊടി അൽത്താഫ് മൻസിലിൽ മെന്റൽ അപ്പു എന്ന് വിളിക്കുന്ന അൽത്താഫ് (27), ഇരവിപുരം വടക്കേവിള മണക്കാട് ന്യൂ നഗറിൽ തൊടിയിൽ വീട്ടിൽ തൗഫീഖ് (22) എന്നിവരെയാണ് കായംകുളം പൊലീസ് ഇരവിപുരത്തു നിന്നും അറസ്റ്റ് ചെയ്തത്.
മാർച്ച് അഞ്ചിന് രാവിലെ 6.15നാണ് കേസിനാസ്പദമായ സംഭവം. കരീലക്കുളങ്ങര സ്പിന്നിങ് മില്ലിലെ ജീവനക്കാരിയും കൃഷ്ണപുരം കാപ്പിൽ സ്വദേശിനിയുമായ യുവതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേയാണ് ആക്രമണത്തിന് ഇരയായത്. നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിളിൽ യുവതിയെ പിന്തുടർന്ന പ്രതികൾ കായംകുളം സെന്റ് മേരീസ് സ്കൂളിന് മുൻവശം വെച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടാം പ്രതി യുവതിയുടെ പുറത്തും കഴുത്തിലുമായി അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും കൊളുത്ത് അകന്ന് മാല വസ്ത്രത്തിനുള്ളിലേക്ക് വീണു. അടിയേറ്റ യുവതി സ്കൂട്ടർ മറിഞ്ഞ് താഴെ വീണതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ യുവതിക്ക് പരിക്കേറ്റിരുന്നു.
കായംകുളം മുതൽ കൊല്ലം വരെ ഇരുന്നൂറ്റിയമ്പതോളം സി സി ടി വി ക്യാമറകൾ നാല് ദിവസം പരിശോധിച്ചാണ് ഹെൽമെറ്റ് ധരിച്ചിരുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. കായംകുളത്ത് മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് അമ്പലപ്പുഴയിൽ നടന്നു പോയ ആളുടെ മൊബൈൽ ഫോൺ ഇവർ പിടിച്ചുപറിച്ചിരുന്നു. ഈ ഫോൺ പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയായ അൽത്താഫ് ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, അടിപിടി കേസുകളിൽ പ്രതിയും 2023ൽ കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളുമാണ്. രണ്ടാം പ്രതി തൗഫീഖ് കിളികൊല്ലൂർ, പോത്തൻകോട്, കരീലക്കുളങ്ങര, ചവറ, കഴക്കൂട്ടം, കൊല്ലം വെസ്റ്റ്, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളിൽ മോഷണം, മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്.
ആലപ്പുഴ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി പങ്കജാക്ഷൻ, കായംകുളം ഡി വൈ എസ് പി ബിനുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കായംകുളം സിഐ അരുൺ ഷാ, എസ്ഐ പ്രേംജിത്ത് കുമാർ, പൊലീസുകാരായ അഖിൽ മുരളി, നിഷാദ്, അരുൺ, അതുല്യ മോൾ, ആലപ്പുഴ നാർക്കോട്ടിക് സെല്ലിലെ പോലീസുകാരായ ഇയാസ്, മണിക്കുട്ടൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


