കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തിലധികം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

By Web TeamFirst Published Aug 28, 2021, 1:45 AM IST
Highlights

പാലക്കാട് അണക്കപ്പാറയിലും തൃത്താലയിലും സ്പിരിറ്റ് പിടിച്ചതിന് പിന്നാലെയാണ് കേരളത്തിലേക്ക് കടത്താന്‍ തമിഴ് നാട് കേന്ദ്രീകരിച്ച ഗോഡൗണുകളില്‍ വന്‍ സ്പിരിറ്റ് ശേഖരം സൂക്ഷിക്കുന്നെന്ന വിവരം എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ചത്. 

പാലക്കാട്: സേലത്ത് വന്‍ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തിലധികം ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് ഇന്‍റലിജന്‍സും എന്‍ഫോഴ്സ്മെന്‍റും നടത്തിയ പരിശോധയില്‍ പിടികൂടി. സ്പിരിറ്റ് ഗോഡൗണ്‍ തിരുവനന്തപുരം സ്വദേശിയുടേതെന്നാണ് സൂചന

പാലക്കാട് അണക്കപ്പാറയിലും തൃത്താലയിലും സ്പിരിറ്റ് പിടിച്ചതിന് പിന്നാലെയാണ് കേരളത്തിലേക്ക് കടത്താന്‍ തമിഴ് നാട് കേന്ദ്രീകരിച്ച ഗോഡൗണുകളില്‍ വന്‍ സ്പിരിറ്റ് ശേഖരം സൂക്ഷിക്കുന്നെന്ന വിവരം എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ചത്. കഴിഞ്ഞ രാത്രി സേലത്തിനടുത്ത് ശ്രീനായ്ക്കാംപെട്ടിയിലെ ഗോഡൗണില്‍ പരിശോധനയ്ക്കെത്തിയ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പക്ടര്‍ പിസി സെന്തില്‍കുമാറിനും സംഘത്തിനും കണ്ടെത്താനായത് 310 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 10850 ലിറ്റര്‍ സ്പിരിറ്റ്. 

കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുര സ്വദേശി ദീപു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നാണ് സേലത്തേക്ക് സ്പിരിറ്റത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഈ ഗോഡൗണിൽനിന്നാണ് കേരളത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് സ്പിരിറ്റെത്തിച്ചിരുന്നത്.റെയ്ഡിന് പിന്നാലെ എക്സൈസ് സംഘം വല്ല പ്പാടി പൊലീസിനെ വിവരമറിയിച്ച് പ്രതികളെയും സ്പിരിറ്റും കൈമാറി.

click me!