പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍

By Web TeamFirst Published Aug 28, 2021, 1:25 AM IST
Highlights

ആധാർ കാർ‍ഡിലെ വിലാസത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. തിരുവനന്തപുരത്തേയും കൊല്ലത്തേയും വീട്ടിൽ നിന്നാണ് എ.ആർ രാജേഷ്, പി. പ്രവീൺ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പുല്‍പ്പള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീൺ എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.

ആധാർ കാർ‍ഡിലെ വിലാസത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. തിരുവനന്തപുരത്തേയും കൊല്ലത്തേയും വീട്ടിൽ നിന്നാണ് എ.ആർ രാജേഷ്, പി. പ്രവീൺ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. 

സംഘത്തിലെ പ്രധാനികളായ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്‍റെ വാച്ച് ടവറിൽ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. 

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ കാണിച്ചാണ് പ്രതികൾ കബളിപ്പിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പോലീസിനെ അറിയിച്ചത്. ഇവർ എന്തിനാണ് വനമേഖലയിൽ എത്തിയതെന്ന് കണ്ടത്തേണ്ടതുണ്ട്. മറ്റ് രണ്ട് പ്രതികൾക്കായി കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. 

പത്തനംതിട്ട ജില്ലക്കാരനായ ദീപക് പി. ചന്ദ് പട്ടാളത്തിൽ നിന്ന് വിരമിച്ചതാണെന്ന് സൂചനയുണ്ട്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർ‍ത്താണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!