
ഹൈദരാബാദ്: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട പത്താം ക്ലാസ്സുകാരൻ അറസ്റ്റിൽ. വീടിന് സമീപത്തുനിന്ന് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അർജുൻ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരനായ പ്രതി മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
വീടിന് സമീപത്തെ സ്വിമ്മിങ് പൂളിൽ ഒറ്റയ്ക്ക് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്നു അർജുൻ. ആ സമയത്ത് സ്പെഷ്യൽ ക്ലാസ്സും കഴിഞ്ഞുവരികയായിരുന്ന പ്രതി അർജുനെ കാണാനിടയായി. സമീപത്തെങ്ങും ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി അർജുന് ആദ്യം മിഠായി വാഗ്ധാനം ചെയ്തു. ശേഷം കൂടെ കളിക്കാമെന്നും പറഞ്ഞ് അർജുനെയും കൂട്ടി ഒരു ഓട്ടോയിൽ പ്രതി അൽമസ്ഗുഡയിലെ തന്റെ വീട്ടിലേക്ക് പോയി. സ്വിമ്മിങ് പൂളിന്റെ അടുത്തുനിന്നും വെറും രണ്ടുകിലോമീറ്റർ ദൂരം മാത്രമെ പ്രതിയുടെ വീട്ടിലേക്കുള്ളു.
വീട്ടിലെത്തിയ പ്രതി അവിടെ നിന്ന് അർജുനെയും കൂട്ടി അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലേക്ക് പോയി. അവിടെവച്ച് മകൻ തന്റെ കസ്റ്റഡിയിലാണെന്നും വിട്ടുതരണമെങ്കിൽ മൂന്ന് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ട് പ്രതി രാജുവിനെ ഫോൺ വിളിച്ചു. പണം നൽകിയില്ലെങ്കിൽ കുട്ടിയെ കൊന്ന് കളയുമെന്നും പൊലീസിൽ വിവരമറിയിക്കരുതെന്നും പ്രതി രാജുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ശബ്ദം മാറ്റിയായിരുന്നു പ്രതി രാജുവിനോട് സംസാരിച്ചത്.
തന്റെ മകനെ ഒന്നും ചെയ്യരുതെന്നും 25,000 രൂപ ഉടൻ എത്തിക്കാമെന്നും ബാക്കി ചെക്കായി നൽകാമെന്നും രാജു പ്രതിയോട് പറഞ്ഞു. എന്നാൽ, സോഫ്റ്റ് വെയർ എജിനീയറായ രാജു മൊബൈൽ ഫോണിന്റെ ടവർ ലോക്കേഷൻ കണ്ടുപിടിച്ച് അൽമസ്ഗുഡ ബസ് സ്റ്റോപ്പിനടുത്താണ് പ്രതി നിൽക്കുന്നതെന്ന് മനസ്സിലാക്കി. തുടർന്ന്, ഇയാൾ മകനം തട്ടിക്കൊണ്ടുപോയ വിവരം പൊലീസിൽ അറിയിച്ചു.
വിവരമറിഞ്ഞയുടൻ പൊലീസ് സംഭവസ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. അർജുനെ സുരക്ഷിതമായി രക്ഷിതാക്കാളുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു. പണത്തിന് വേണ്ടിയാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രതിയെ സ്കൂളിൽ നിന്ന് പുറത്താക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam