
ദില്ലി: കേന്ദ്രീയ വിദ്യാലയത്തിൽ 11 കാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ വിവരം പോലീസിൽ അറിയിക്കാത്ത സ്കൂൾ പ്രിൻസിപ്പലിനും ദില്ലി പോലീസിനും വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ആണ് നോട്ടീസ് അയച്ചത്. ദില്ലി പോലീസിനോട് എഫ് ഐആർ റെജിസ്റ്റർ ചെയ്യാനും അധ്യക്ഷ നിർദേശിച്ചു. പിന്നാലെ പോലീസ് കേസെടുത്തു.
സ്‌കൂളിലെ ബാത്ത്റൂമിൽ വച്ചു രണ്ടു വിദ്യാർത്ഥികൾ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി ജൂലൈയിൽ നൽകിയ പരാതി. തുടർന്ന് രണ്ട് വിദ്യാർത്ഥികളെയും പുറത്താക്കിയതല്ലാതെ സ്കൂൾ അധികൃതർ തുടർ നടപടി എടുത്തില്ലെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് വനിതാ കമ്മീഷന്റെ നടപടി. പ്രിൻസിപ്പൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
അതേസമയം, തിരുവനന്തപുരത്ത് പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി വിദ്യാർത്ഥിനി എത്തിയ വാർത്ത പുറത്തുവന്നു. സർക്കാർ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥിനികളെ മർദ്ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള കേസിൽ പ്രതിക്ക് സംരക്ഷണം എന്നാണ് പരാതി. പ്രതിയെ കോളേജ് അധികൃതരും പൊലീസും സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ദുരനുഭവമുണ്ടായ വിദ്യാർത്ഥിനി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. സെപ്റ്റംബർ 27ന് വഞ്ചിയൂർ നഴ്സിംഗ് കോളേജിൽ സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ട് ബാച്ചുകൾ തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
തർക്കത്തിനിടെ പുറത്തുനിന്നുവന്ന, മുൻവിദ്യാർത്ഥി കൂടിയായ ജഗിൽ ചന്ദ്രനെന്നയാൾ കോളെജിനകത്ത് കയറി, വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്തെന്നുമാണ് പരാതി. സംഭവത്തിന് പിന്നാലെ വിദ്യാർതഥികൾ കോളെജ് പ്രിൻസിപ്പാളിനും മെഡിക്കൽ കോളെജ് പൊലീസിനും പരാതി നൽകി. പരാതിയിൽ കേസെടുത്ത പൊലീസ് ജഗിൽ ചന്ദ്രനെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam