കഞ്ഞിക്കുഴിയിലെ എൻഎസ്എസ് ക്യാമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകൻ ഇന്നലെ റിമാൻഡിലായിരുന്നു

ഇടുക്കി: കഞ്ഞിക്കുഴിയിലെ എൻഎസ്എസ് ക്യാമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകൻ ഇന്നലെ റിമാൻഡിലായിരുന്നു. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ല പ്രസിഡൻറായിരുന്ന ഹരി ആർ വിശ്വനാഥാണ് റിമാൻഡിലായത്. ഹൈക്കോടതി നി‍ർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ഇയാൾ കഞ്ഞിക്കുഴി സിഐക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. എന്നാൽ ഇയാൾക്കെതിരായ ആരോപണങ്ങൾ ഏവരെയും നാണിപ്പിക്കുന്നവയാണ്.

കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ അതി‍ർത്തിയിലുള്ള സ്കൂളിൽ വച്ചാണ് വിദ്യാ‍ത്ഥികൾക്ക് നേരെ അധ്യാപകൻ ഹരി ആർ വിശ്വനാഥ് ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാൾ പലതവണ ഒളിഞ്ഞു നോക്കി. ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു. മറ്റൊരു കുട്ടിയെ കടന്നു പിടിക്കുകയും ചെയ്തു. ഓഗസ്റ്റ് 12 മുതൽ 18 വരെയാണ് സ്കൂളിൽ എൻഎസ്എസ് ക്യാമ്പ് നടന്നത്. 

20 നാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി രണ്ടു കേസുകൾ കഞ്ഞിക്കുഴി പോലീസ് രജിസ്റ്റർ ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതോടെ ഹരി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ ഒരു കേസിൽ ജാമ്യം അനുവദിക്കുകയും രണ്ടാമത്തേതിൽ പത്തു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും ഹൈക്കോടതി നി‍ർദ്ദേശിച്ചു.

Read more: ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്‍റായിരുന്ന അധ്യാപകൻ പോക്സോ കേസിലെ പ്രതി; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ഇതനുസരിച്ചാണ് കഞ്ഞിക്കുഴി സി ഐ സാം ജോസിനു മുന്നിൽ കീഴടങ്ങിയത്. തൊടുപുഴ പോക്സോ കോടതിയാണ് ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസ് ഒതുക്കിത്തീർക്കാൻ സഹപാഠികളിൽ ഒരാളോട് അധ്യാപകൻ അപക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു. ആ‍ർഎസ്എസ് ജില്ലാ പ്രചാ‍ർ പ്രമുഖുമായിരുന്ന ഹരിക്കെതിരെ മുന്‍പും ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. പരാതിയെ തുടര്‍ന്ന്‌ സ്‌കൂൾ മാനേജ്‌മെന്റ്‌ ഇയാളെ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്.