
പത്തനംതിട്ട: പന്തളം തെക്കേക്കരയിൽ 12 വയസ്സുകാരിയെ അടുത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാറക്കര മാടവിള ആരോമൽ ഭവനിൽ സത്യന്‍റെ മകൾ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അമൃതയെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അയൽവീട്ടിലെ ചായ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി കളിക്കുകയാണെന്ന് കരുതി കുലുക്കി വിളിച്ചപ്പോഴാണ് തൂങ്ങിയതാണെന്ന് തിരിച്ചറിഞ്ഞതെന്ന് കുട്ടിയെ കണ്ടെത്തിയ വീട്ടിലുള്ള യുവതി പറഞ്ഞു.
രക്ഷിതാക്കൾ എത്തി ഷാൾ അറുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊടുമൺ പൊലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതശരീരം പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതശരീരം കണ്ടത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകിയതെന്ന് കരുതുന്ന അടയാളം ഉണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam