
കൊല്ലം: കൊല്ലത്ത് ഓച്ചിറയിൽ നിന്ന് പതിമൂന്ന് വയസുകാരിയായ കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി. പാതയോരത്ത് പ്രതിമാ നിർമ്മാണം നടത്തുന്ന രാജസ്ഥാൻ ദമ്പതികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെയാണ് സംഭവം നടന്നതെങ്കിലും വിവരം ഇന്നാണ് പുറത്തുവന്നത്. ഇന്ന് രാവിലെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുത്തിട്ടില്ല. തുടർന്ന് നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് പൊലീസ് അന്വേഷണം തന്നെ തുടങ്ങിയത്.
ഓച്ചിറ - വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ചു. അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകി. പ്രദേശവാസികളായ നാല് യുവാക്കളാണ് ഉപദ്രവിക്കാറുള്ളതെന്നും അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ലെന്നും അച്ഛനമ്മമാർ പറയുന്നു.
കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ പെൺകുട്ടി ഇപ്പോൾ എവിടെയുണ്ടെന്നതുൾപ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam