പതിനാലുകാരന്റെ ആത്മഹത്യ: പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്ന് മനുഷ്യാവകാശ കമ്മിഷൻ

By Web TeamFirst Published May 18, 2019, 8:26 PM IST
Highlights

കൂട്ടുകാരന്റെ അമ്മയുടെ അവിഹിത ബന്ധം നേരിൽ കണ്ടതിനെ തുടർന്നുണ്ടായ ഭീഷണി മൂലമാണ് ആലപ്പുഴയിൽ പതിനാലുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തത്

ആലപ്പുഴ: കൂട്ടുകാരന്റെ അമ്മയുടെ അവിഹിത ബന്ധം നേരിൽ കണ്ടതിനെ തുടർന്നുണ്ടായ ഭീഷണി മൂലം ആലപ്പുഴയിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. പൊലീസ് പ്രതികളെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന് കമ്മിഷനംഗം പി മോഹനദാസ് കുറ്റപ്പെടുത്തി. മാവേലിക്കര പെരുങ്ങാല സ്വദേശി രമേശന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ ഈ പരാമർശം നടത്തിയത്.

രമേശിന്റെ മകൻ രാഹുലിനെ 2015 ഫെബ്രുവരി 19 ന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിൽ 473/15 നമ്പറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ മനുഷ്യാവകാശ കമ്മിഷൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് അന്വേഷിച്ച എസ്ഐ ഇതുവരെ അതിന് തയ്യാറായിട്ടില്ല. ഇത് തികഞ്ഞ അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയുമാണെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി.

കേസ് ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കേസ് അന്വേഷിച്ച സബ് ഇൻസ്പെക്ടറോട് വിശദീകരണം ചോദിക്കാനും നടപടിയെടുക്കാനും കമ്മിഷൻ ഉത്തരവിട്ടു. രണ്ടു മാസത്തിനകം എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യം ജില്ലാ പൊലീസ് മേധാവി കമ്മിഷനെ അറിയിക്കണം.

 

click me!