
ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ 16 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെയാണ് പെൺകുട്ടിയെ കാണാതായതെന്ന് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി 17 ന് ഉന്നാവയിൽ സമാനമായ സാഹചര്യത്തിൽ പാടത്ത് വിഷം ഉള്ളിൽ ചെന്ന നിലയിൽ മൂന്നു പെൺകുട്ടികളെ കണ്ടെത്തിയിരുന്നു. ഇവരിൽ രണ്ട് പേർ മരിച്ചു.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ച് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. പ്രഥമ ദൃഷ്ട്യാ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി കാണപ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മൃതദേഹം കൊണ്ടുപോകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കല്ലെറിഞ്ഞതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ പ്രണേന്ദ്ര കുമാറിന് പരിക്കേറ്റു.
'പുല്ല് ശേഖരിക്കാൻ വേണ്ടി വയലിലേക്ക് പോയതായിരുന്നു പെൺകുട്ടി. തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തിയിരുന്നു. തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.' പൊലീസ് സൂപ്രണ്ട് മുനിരാജ് പറഞ്ഞു. സംശയം തോന്നിയവരെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പാണ് പാടത്ത് കന്നുകാലികള്‍ക്ക് പുല്ലിനായി പോയ പെണ്‍കുട്ടികളില്‍ രണ്ട് പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരുന്നതിനിടെയാണ് സമാന സാഹചര്യത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൂന്നു പെൺകുട്ടികളിൽ ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam