
കത്തുവ: ഉന്നാവ് പീഡനക്കേസ് വീണ്ടും ദേശീയ തലത്തിൽ ചർച്ചയിൽ നിൽക്കെ, കത്തുവയിൽ പീഡനത്തിന് ഇരയായെന്ന പെൺകുട്ടിയുടെ പരാതി സ്വീകരിക്കാതെ പൊലീസ്. സഹപാഠികളായ രണ്ടുപേർ ചേർന്ന് റോഡരികിലുള്ള റിസോർട്ടിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുക്കാതിരുന്നത്.
കോട്ട മൂർഹിലെ റൂഹി റിസോർട്ടിൽ വച്ച് മെയ് മാസത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ഒരു സുഹൃത്തിനൊപ്പം റിസോർട്ടിൽ പോയ തന്നെ വിശാൽ ബലമായി മുറിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പരാതി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വിശാൽ തന്നെ മർദ്ദിച്ചെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. സംഭവം പുറത്ത് പറഞ്ഞാൽ വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട പ്രതികളുടെ മാതാപിതാക്കൾ പണം വാഗ്‌ദാനം ചെയ്തെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കത്തുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പ്രതികളിലൊരാളുടെ കുടുംബം, പ്രതിയെ കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാമെന്നും പറഞ്ഞതായി ഇവർ പറഞ്ഞു.
ജൂലൈ 20 ന് പരാതിയുമായി പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് ഒന്നും ചെയ്തില്ല. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്‌തതിന് പിന്നാലെയാണ് കുടുംബം പൊലീസിന്റെ സഹായം തേടിയത്.
ജൂലൈ 21 ന് ഹിരാനഗർ കോടതിയിൽ നിന്ന് അനുകൂല വിധി നേടി. 376, 109, 67 വകുപ്പുകൾ പ്രകാരം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു. ഐടി ആക്ടിലെയും പോക്സോ വകുപ്പുകളും ചേർത്താണ് കേസ്. വിശാൽ, അമൻ എന്നീ വിദ്യാർത്ഥികളാണ് പ്രതികൾ. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വിശാലാണ് മൊബൈലിൽ പകർത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam