മുക്കുപണ്ടം പകരം വച്ച് സ്വന്തം വീട്ടിൽ നിന്നും സ്വർണ്ണം കവർന്നു, 17കാരനും കൂട്ടാളികളും പിടിയിൽ

By Web TeamFirst Published Jul 25, 2020, 10:55 PM IST
Highlights

അമ്മയുടെ ചികത്സയ്ക്കായി പിതാവും സഹോദരിയും കൂടി കോട്ടയത്ത് പോയ സമയത്താണ് മോഷണം നടത്തിയത്. കൗമാരക്കാരന്‍ ഓണ്‍ലൈനിലൂടെ മൊബൈല്‍ ഫോൺ വാങ്ങി മറിച്ച് വിറ്റിരുന്നു

ഇടുക്കി: സഹോദരിയുടെ വിവാഹത്തിനായി വീട്ടിൽ കരുതിവച്ച സ്വർണ്ണം 17കാരൻ മോഷ്ടിച്ചു. കേസിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയുടെ വീട്ടിൽ നിന്നാണ് 23 പവൻ സ്വർണം മോഷണം പോയത്. വീട്ടിൽ അറിയാതിരിക്കാൻ മുക്കുപണ്ടം പകരം വച്ചായിരുന്നു കവർച്ച. മൊബൈൽ ഫോൺ വാങ്ങി മറിച്ച് വിൽക്കുന്നതിനായിരുന്നു മോഷണം.

ഗൃഹനാഥന്റെ 17 വയസുള്ള മകനും സുഹൃത്തുക്കളായ താഹാഖാനും ജാഫറും ചേർന്നായിരുന്നു മോഷണം നടത്തിയത്. പണത്തിന് ആവശ്യം വന്നപ്പോൾ കഴിഞ്ഞ ദിവസം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം, പണയം വയ്ക്കാനായി ഗൃഹനാഥൻ പുറത്തെടുത്തിരുന്നു. ഈ സമയത്താണ് ആഭരണങ്ങൾ മാറിയിരിക്കുന്നതായി ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുക്കുപണ്ടമാണ് അലമാരയിലുള്ളതെന്നും സ്വർണാഭരണങ്ങൾ മോഷണം പോയെന്നും കണ്ടെത്തി. മൂന്ന് മാല, ഒരു ജോഡി കമ്മല്‍, ഒരു കാപ്പ്, അഞ്ച് വീതം വളകൾ, തകിടുകൾ എന്നിവയാണ് മോഷ്ടിയ്ക്കപെട്ടത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് മോഷ്ടാവ് വീട്ടിനുള്ളിൽ തന്നെയാണെന്ന് കണ്ടെത്തിയത്.

അമ്മയുടെ ചികത്സയ്ക്കായി പിതാവും സഹോദരിയും കൂടി കോട്ടയത്ത് പോയ സമയത്താണ് മോഷണം നടത്തിയത്. കൗമാരക്കാരന്‍ ഓണ്‍ലൈനിലൂടെ മൊബൈല്‍ ഫോൺ വാങ്ങി മറിച്ച് വിറ്റിരുന്നു. കൂടുതൽ ഫോണുകൾ വാങ്ങുന്നതിനായി പണം കണ്ടെത്തുന്നതിനായിരുന്നു മോഷണം.  അപഹരിച്ച സ്വർണം ആദ്യം പണയം വച്ചു.  പിന്നീട് ജാഫറിന് എട്ട് ലക്ഷത്തി എണ്ണായിരം രൂപയ്ക്ക് വിറ്റു. ഇയാള്‍ ഇത് 8,20,000 രൂപയ്ക്ക് മറിച്ച് വിറ്റെന്നും പൊലീസ് കണ്ടെത്തി. കൗമാരക്കാരന്‍റെ അമ്മയുടെ ഓപ്പറേഷന് മുന്നോടിയായി മുറിച്ച് മാറ്റിയ ശേഷം സൂക്ഷിച്ചിരുന്ന അഞ്ച് വളകളും മുക്കു പണ്ടവും അലമാരയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

click me!