25കാരിയെ വിളിച്ചുണർത്താനെത്തിയ അമ്മയാണ് കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾ അണിഞ്ഞ നിലയിൽ പാമ്പിന്റെ പടം കണ്ടെത്തുന്നത്. അഞ്ചടിയോളം നീളമുള്ള പാമ്പിന്റെ പടം കണ്ടതോടെ മകൾ പാമ്പായി മാറിയെന്നാണ് വീട്ടുകാർ ധരിച്ചത്

ലഖ്‌നൗ: രാവിലെ മകളെ വിളിക്കാൻ എത്തിയ അമ്മ കിടപ്പുമുറിയിൽ കണ്ടത് പാമ്പിന്റെ പടം. 25കാരി പാമ്പായെന്ന് വ്യാപക പ്രചാരണം. ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ. ഉത്തർ പ്രദേശിലെ ഔറൈയയിലാണ് വിചിത്ര സംഭവങ്ങൾ നടന്നത്. ഔറൈയയിലെ സിംഗാനപൂർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് അസാധാരണ സംഭവങ്ങൾ നടന്നത്. ഗ്രാമത്തിലെ വാൽമീകി കുടുംബത്തിലെ 25-കാരിയായ യുവതിയെയാണ് കാണാതായത്. ഈ കുടുംബത്തിൽ അഞ്ച് പെൺമക്കളും രണ്ട് ആൺമക്കളുമാണുള്ളത്. നാല് പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. 25കാരിയായ ഇളയ മകൾ ഗ്രാമത്തിലെ സ്കൂളിൽ എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ഒളിച്ചോട്ടത്തിന് മറയായി ‘നാഗിൻ’ നാടകം

ഞായറാഴ്ച പുലർച്ച 25കാരിയെ വിളിച്ചുണർത്താനെത്തിയ അമ്മയാണ് കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾ അണിഞ്ഞ നിലയിൽ പാമ്പിന്റെ പടം കണ്ടെത്തുന്നത്. അഞ്ചടിയോളം നീളമുള്ള പാമ്പിന്റെ പടം കണ്ടതോടെ മകൾ പാമ്പായി മാറിയെന്നാണ് വീട്ടുകാർ ധരിച്ചത്. പിന്നാലെ സംഭവം ഗ്രാമത്തിൽ മുഴുവൻ പടർന്നു. യുവതി പാമ്പായി മാറിയ വീട് തേടി നിരവധി പേരും വീട്ടിലേക്ക് എത്തി. ഇതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 25കാരിയുടെ അതിവിദഗ്ധമായ ഒളിച്ചോട്ട നാടകം പൊളിഞ്ഞത്. ഇതേ ഗ്രാമത്തിലെ ഒരു യുവാവുമായി 25കാരി പ്രണയത്തിലായിരുന്നു. ബന്ധത്തെ എതിർത്ത വീട്ടുകാർ യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കാനുള്ള നീക്കത്തിലായിരുന്നു. ഇതോടെ പ്രകോപിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ആളുകളുടെ ശ്രദ്ധ തിരിക്കാനും ആരും അന്വേഷിക്കാതിരിക്കാനും വേണ്ടിയായിരുന്നു ‘നാഗിൻ’ നാടകം.

യുവതി കഴിഞ്ഞ ദിവസങ്ങളിൽ പാടത്തും വിജനമായ സ്ഥലങ്ങളിലും എന്തോ തിരയുന്നത് കണ്ടിരുന്നുവെന്ന പ്രദേശവാസികളുടെ മൊഴിയാണ് സംഭവത്തിൽ നിർണായകമായത്.പ്രണയബന്ധത്തിൻ്റെ പേരിൽ മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പൊലീസിനോട് വിശദമാക്കിയിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാണെന്നും 25കാരിയെ ഉടൻ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ, യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.പൊലീസ് ഇടപെടലിന് പിന്നാലെ ഗ്രാമത്തിൽ പടർന്നുപിടിച്ച 'നാഗിൻ' കഥകൾക്ക് ഇപ്പോൾ ശമനമായിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം