
മീററ്റ്: സഹോദരിയേക്കുറിച്ച് മോശം സംസാരിക്കുകയും സ്വകാര്യ ചിത്രങ്ങൾ ഫോണിൽ സൂക്ഷിക്കുകയും ചെയ്ത സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീയിട്ട് കൊലപ്പെടുത്തിയ 18കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹറിലെ തഹാർപൂരിലെ അഹാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് പൊലീസ് 18കാരനെ അറസ്റ്റ് ചെയ്തത്. ഉറ്റ സുഹൃത്തായ 19കാരനെ ഒക്ടോബർ 9നാണ് 18കാരൻ ക്രൂരമായി കൊലപ്പെടുത്തിയത്.
2023ൽ നടന്ന ഒരു ബലാത്സംഗ കേസിലെ കുറ്റാരോപിതനാണ് 18കാരനെന്നാണ് പൊലീസ് വിശദമാക്കുന്നത്. സുഹൃത്തുക്കൾ ഒന്നിച്ച് മദ്യപിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുന്നത്. 18കാരന്റെ സഹോദരിയുടെ ഒപ്പം ഒളിച്ചോടുമെന്നും സഹോദരിയുടെ സ്വകാര്യ ചിത്രങ്ങൾ ഫോണിലുണ്ടെന്നും 19കാരൻ പറഞ്ഞതാണ് അക്രമണത്തിന് പ്രകോപനമായത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന 18കാരന്റെ ആവശ്യം സുഹൃത്ത് വക വച്ചില്ല. ഇതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റവും പിന്നീട് കയ്യേറ്റത്തിലേക്കും കാര്യങ്ങൾ എത്തിയത്.
മദ്യ ലഹരിയിൽ സുഹൃത്തിനെ വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച ശേഷം സുഹൃത്തിനെ ബൈക്കിന് സമീപത്ത് കിടത്തി പെട്രോൾ ടാങ്ക് തുറന്ന് ടാങ്കിലേക്ക് തീയിട്ടാണ് 18കാരൻ ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് 18കാരൻ കടന്നു കളയുകയായിരുന്നു. 19കാരന്റെ മൃതദേഹം കണ്ടെത്തിയതിനേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിലേക്ക് സംശയത്തിന്റെ സൂചനകൾ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam