
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ബന്ധു വീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പേരാമ്പ്ര സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായായത്. സംഭവത്തിൽ പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ 21നാണ് പേരാമ്പ്രയിലെ സ്വകാര്യ കോളേജിൽ വിദ്യാർത്ഥിയായ 19കാരി പരപ്പനങ്ങാടിയിൽ രണ്ടിടത്ത് വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായത്. കോഴിക്കോട് പന്തീരാങ്കാവിലെ ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി രാത്രിയായിട്ടും ബന്ധു വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം അന്ന് തന്നെ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. വഴി തെറ്റി പരപ്പനങ്ങാടി എത്തിയ പെൺകുട്ടി കോഴിക്കോടിന് പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് സ്റ്റേഷനിൽ എത്തിയ നെടുവ സ്വദേശികളായ മുനീർ, പ്രജീഷ് എന്നിവർ പെൺകുട്ടിയോട് നാട്ടിലെത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു സമീപത്തെ കെട്ടിടത്തിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചത്.
Also Read: വർക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ
തുടർന്ന് പെൺകുട്ടിയെ കോഴിക്കോട് എത്തിക്കാമെന്ന് പറഞ്ഞ് നെടുവാ സ്വദേശി സജീറിന്‍റെ ഓട്ടോറിക്ഷയിൽ കയറ്റി വിട്ടു. വഴി മദ്ധ്യേ പെൺകുട്ടിയെ സജീർ പീഡിപ്പിച്ച ശേഷം തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. തിരൂരിൽ നിന്നും ട്രെയിനിൽ കാസർകോട് എത്തിയ പെൺകുട്ടിയെ പൊലീസാണ് കണ്ടെത്തിയത്. തുടർന്ന് കാസർകോട് പൊലീസ് പെൺകുട്ടിയെ പേരാമ്പ്ര പൊലീസിന് കൈമാറി. പെൺകുട്ടിയുടെ മൊഴി എടുക്കുമ്പോളാണ് പീഡന വിവരം കുട്ടി തുറന്ന് പറഞ്ഞത്. തുടർന്ന് പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ്പരപ്പനങ്ങാടി വെച്ച് മൂവരും പിടിയിലായത്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.