
പാലക്കാട്: ചന്ദ്രനഗർ, മരുതറോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നടന്ന കവർച്ചാ കേസ്സിൽ മോഷണ മുതലുകൾ വിറ്റ ഡോക്ടർ ഇന്ന് പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ കീഴടങ്ങി. പാലക്കാട് ചന്ദ്രനഗറിലുളള മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്നും 7.5 കിലോ ഗ്രാം പണയ സ്വർണ്ണാഭരണങ്ങളും 18000/- രൂപയും അടക്കം മൂന്ന് കോടിയോളം രൂപയുടെ (RS-3,00,00,000/-) മുതലുകൾ കവര്‍ന്ന കേസ്സിലെ മൂന്നാം പ്രതിയും മഹാരാഷ്ട്ര , സത്താറ സ്വദേശിയും, പ്രതിഭാ ആശുപത്രിയിലെ ഡോക്ടറുയുമായ നീലേഷ് മോഹൻ സാബ്ള (34) ആണ് ഇന്ന് കോടതിയിൽ കീഴടങ്ങിയത്.
പ്രതിയെ 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ മഹാരാഷ്ട്രയിൽ കൊണ്ടുപോയി ബാക്കി മുതലുകൾ കണ്ടെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കസബ പൊലീസ് അറിയിച്ചു. 2021 ജൂലൈ അവസാന വാരമാണ് കേസ്സിനാസ്പദമായ സംഭവം. ജൂലൈ 26 രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ച നടന്നത് അറിഞ്ഞത്. മൂന്നു ദിവസത്തെ അവധിക്കുശേഷം ബാങ്ക് തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ബാങ്കിലെ അലാറവും,സിസിടിവിയും നശിപ്പിച്ച് വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമായിരുന്നു മോഷണം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രില്ലറും , ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് അതിവിദഗ്ദമായി കവർച്ച നടത്തിയത്. കവർച്ചക്കു ശേഷം സിസിടിവിയുടെ ഡിവിആര്‍ പ്രതി കൊണ്ടു പോവുകയായിരുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ വളരെ ബുദ്ധിപരവും, വൈദഗ്ദ്യവുമായാണ് പ്രതി കവർച്ച ആസൂത്രണം ചെയ്തത്. ഇത് അന്വേഷണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ പോലീസിനെ വലച്ചു.തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ വിവിധ ടീമുകളാക്കി. പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി നിഖിൽ അശോക് ജോഷിയെ 2021 ആഗസ്റ്റ് 13 നും, രണ്ടാം പ്രതി രാഹുൽ ജലിന്ദർ ഗാഡ്ഗൈയെ 2021 സെപ്തംബർ 15 നും, നാലാം പ്രതി സുജിത് കുമാർ ദിലിപ്ര ജഗ്പത്തിനെ 2022 ഫെബ്രുവരി 2 നും അറസ്റ്റ് ചെയ്തു.
മോഷണ ശേഷം കളവ് മുതൽ 1ഉം 3ഉം പ്രതികൾ ചേർന്ന് രണ്ടാം പ്രതിക്ക് കൈമാറി. രണ്ടാം പ്രതി സ്വര്‍ണ്ണം ഉരുക്കി വിറ്റ് പണം മൂന്നാം പ്രതിയായ ഡോക്ടറെ ഏൽപ്പിക്കുകയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എഎസ്പി എ. ഷാഹുൽ ഹമീദിന്‍റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ രാജീവ് എന്‍.എസ്, സബ് ഇൻസ്പെക്ടർമാരായ രാജേഷ് സികെ, രംഗനാഥൻ എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കാജാ ഹുസൈൻ, ശിവാനന്ദൻ, രാജിദ്, സിജി, സിവിൽ പോലീസ് ഓഫീസർ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷിച്ചത്. കേസില്‍ തുടരന്വേഷണം നടക്കുകയാണ്.