പിന്നാക്കവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ: കർണാടകയിൽ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,140 കേസുകൾ

By Web TeamFirst Published Dec 19, 2019, 3:34 PM IST
Highlights

മൂന്ന് ദിവസത്തിലൊരിക്കൽ പിന്നാക്കവിഭാഗങ്ങൾക്കിടയിൽ ശരാശരി ഒരു ആത്മഹത്യയോ ആത്മഹത്യാശ്രമമോ നടക്കുന്നതായും രണ്ടു ദിവസത്തിൽ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.
 

ബെംഗളൂരു: പിന്നാക്ക വിഭാഗങ്ങളായ എസ് സി എസ് ടികൾക്കെതിരായ അതിക്രമങ്ങൾ കര്‍ണാടകയില്‍ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. 2018 ൽ സംസ്ഥാനത്തൊട്ടാകെ 2,140 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൂന്നു ദിവസത്തിലൊരിക്കൽ പിന്നാക്കവിഭാഗങ്ങൾക്കിടയിൽ ശരാശരി ഒരു ആത്മഹത്യയോ ആത്മഹത്യാശ്രമമോ നടക്കുന്നതായും രണ്ടു ദിവസത്തിൽ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.

എസ് എസി എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള 1989 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സംസ്ഥാന കമ്മിറ്റിയുടെ വാർഷിക റിപ്പോർട്ടിലാണ് പ്രസ്തുത വിവരങ്ങൾ. ബെംഗളൂരു അർബൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവിധ വകുപ്പുകളിൽപ്പെടുന്ന 163 കേസുകളാണ് ഇവിടെ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്ത്രീപീഡനത്തിന്റെ കാര്യത്തിൽ മൈസൂരു ജില്ലയാണ് മുന്നിൽ. 13 കേസുകൾ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

80 ശതമാനം കേസുകളിലും വിചാരണ കൂടാതെ പ്രതികളെ വെറുതെ വിട്ടതായും ശിക്ഷവിധിച്ചത് വെറും 4 ശതമാനം മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു .1205 ലധികം കേസുകളിൽ പൊലീസ് വകുപ്പ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. 2017 ലെ റിപ്പോർട്ടിനെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

ദളിത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കർണാടക ദളിത് മഹിളാവേദികെ സംസ്ഥാന കൺവീനർ പി യശോദ പറഞ്ഞു. 164 പീഡനക്കേസുകളും 122 വധശ്രമങ്ങളുമാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. “സ്ത്രീപീഡനം മാത്രമല്ല  തൊട്ടുകൂടായ്മയും ജാതീയമായി അധിക്ഷേപിക്കലും ഇന്നും പിന്നാക്ക വിഭാഗക്കാർ ഏറ്റുവാങ്ങേണ്ടിവരുന്നുണ്ട്. ബെംഗളൂരു മെട്രോ നഗരമായെങ്കിലും തൊട്ടുകൂടായ്മ ഇന്നും നിലനിൽക്കുന്നുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ. ദളിതർക്ക്  നഗരത്തിൽ വീട് വാടകയ്ക്ക് ലഭിക്കാൻ ബുദ്ധിമുട്ടാണ്. കുടിവെളളം ചോദിച്ചാൽ പോലും പലരും ഉപയോഗിച്ചതിനുശേഷം വലിച്ചെറിയുന്ന ഗ്ലാസുകളിലാണ് നൽകുക“-അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 30 ജില്ലകളിലും പ്രത്യേക കോടതികൾ സ്ഥാപിക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. 19 ഒാളം മറ്റുനിർദ്ദേശങ്ങളും പരിഗണനയിലുണ്ട്. കർണാടക ദളിത് മഹിളാ വേദികെ, സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് എന്നിവരുമായി സഹകരിച്ച് എസ് എസി എസ് ടി വിഭാഗങ്ങൾക്കെതിരെയുളള  അതിക്രമങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള പദ്ധതികളും ആവിഷ്ക്കരിക്കും .

click me!