കുട്ടികൾ ഗെയിമിന് അടിമകളെന്ന് പോലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്ത് ശീലമുള്ളവരാണ്. കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്.
ലക്നൗ: ഉത്തർപ്രദേശിൽ മാതാപിതാക്കൾ ഓൺലൈൻ ഗെയിം വിലക്കേതിനെ തുടർന്ന് സഹോദരിമാർ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 12ഉം 14ഉം 16ഉം വയസ്സുള്ള കുട്ടികളാണ് ഒമ്പതാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കുട്ടികൾ ഗെയിമിന് അടിമകളായിരുന്നെന്ന് പൊലീസും മാതാപിതാക്കളും പറഞ്ഞു.
പുലർച്ചെ 2.30ഓടെ ഗാസിയാബാദിലെ ഭാരത് സിറ്റി ഏരിയയിലാണ് ദാരുണ സംഭവം. കൊറിയൻ ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് പെൺകുട്ടികൾ ഒമ്പതാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 12 വയസ്സുള്ള പാഖി, 14 വയസ്സുള്ള പ്രാചീ 16 വയസ്സുകാരി വിഷിക എന്നിവരാണ് മരിച്ചത്. മുറിയിൽ കയറി വാതിൽ അടച്ച ശേഷം ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ടെത്തിയവരാണ് കുട്ടികളെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗെയിം തങ്ങളുടെ ജീവിതമാണെന്നും അതില്ലാതെ പറ്റില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ കുട്ടികൾ എഴുതിയതായി കുട്ടികളുടെ അച്ഛൻ പറഞ്ഞു. കുട്ടികൾ കൊറിയൻ ടാസ്ക് ഗെയിമിന് അടിമകളായിരുന്നുവെന്ന് പൊലീസും മാതാപിതാക്കളും പറഞ്ഞു. മൂന്നുപേരും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്ത് ശീലമുള്ളവരാണ്. കോവിഡ് കാലത്താണ് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകൾ ആയത്. പലപ്പോഴും ഇവർ സ്കൂളിൽ കൃത്യമായി പോയിരുന്നില്ല എന്നും പൊലീസ് പറഞ്ഞു. പൊലീസ് കുടുംബാംഗങ്ങളുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഗെയിം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

