
കൊച്ചി: എആർഎം സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ച പ്രതികളെ മറ്റൊരു സിനിമയുടെ വ്യാജൻ നിർമ്മിക്കുന്നതിനിടെ കൊച്ചി സൈബർ പോലീസ് പിടികൂടി. തമിൾ റോക്കേഴ്സ് സംഘാംഗങ്ങളായ കുമരേശ്, പ്രവീണ്‍ കുമാർ എന്നിവരാണ് ബാംഗ്ലൂരിൽ നിന്ന് പിടിയിലായത്.
ടൊവിനോ തോമസ് നായകനായ എആർഎം തിയേറ്ററുകളിലെത്തിയ അന്നു തന്നെ സിനിമയുടെ വ്യാജ പതിപ്പുമിറങ്ങിയിരുന്നു. ഏ ആർ എം നിർമ്മാതാക്കളുടെ പരാതിയിൽ ദ്രുതഗതിയിൽ അന്വേഷിച്ച കൊച്ചി സൈബർ പോലീസ് ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശും പ്രവീണ്‍ കുമാറും വ്യാജ പതിപ്പിറക്കാൻ തമിഴ് സിനിമയായ വേട്ടയ്യൻ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് പോലീസിന്റെ വലയിൽ വീണത്.
കോയമ്പത്തൂർ എസ്ആർകെ തിയേറ്ററിൽ വച്ചാണ് ഇവർ എആർഎം സിനിമ റെക്കോർഡ് ചെയ്തത്. ടെലഗ്രാമിൽ അപ്ലോഡ് ചെയ്ത് സിനിമ പ്രചരിപ്പിച്ചു. മുൻപും തെന്നിന്ത്യൻ സിനിമകളുടെ വ്യാജ പതിപ്പ് നിർമ്മിച്ച് പണം സമ്പാദിച്ച സംഘത്തിന്റെ ഭാഗമാണ് പിടിയിലായവർ. തമിൾ റോക്കേഴ്സ് ഗ്രൂപ്പിനായി പ്രവർത്തിക്കുന്ന പ്രതികളോടൊപ്പം സുധാകരൻ എന്നൊരാൾ കൂടി ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam