കുടുംബ സ്വത്തിൽ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനാണ് പന്തളം മുനിസിപ്പാലിറ്റി മുൻ റവന്യു ഇൻസ്പെക്ടർ കൈക്കൂലി ചോദിച്ചത്
പന്തളം: ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ മുൻസിപ്പാലിറ്റി മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ. പത്തനംതിട്ട ജില്ലയിലെ പന്തളം മുനിസിപ്പാലിറ്റി മുൻ റവന്യു ഇൻസ്പെക്ടറും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ റെജി ജോർജാണ് പന്തളം സ്വദേശിയായ പരാതിക്കാരന് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയത്.റെജി ജോർജ്ജിന് 7 വർഷം സാധാരണ തടവും 20000 രൂപ പിഴയും കൊല്ലം വിജിലൻസ് കോടതി വിധിച്ചു. പന്തളം സ്വദേശിയായ പരാതിക്കാരൻ 2017 കാലഘട്ടത്തിൽ തനിക്ക് ലഭിച്ച കുടുംബ സ്വത്തിൽ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പന്തളം മുനിസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഓണർഷിപ്പ് മാറ്റി പരാതിക്കാരന്റെ പേരിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി നൽകണമെന്ന് റവന്യു ഇൻസ്പെക്ടറായ റെജി ജോർജ് പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോൾ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് റെജിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് പ്രതിയായ റെജി ജോർജിനെ കൊല്ലം വിജിലൻസ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
Cc-18/25(VC-03/17/PtA) U/s 7 of PC Act പ്രകാരം 3 വർഷവും 10,000 രൂപയും, Sce 13(1)d r/w 13(2) പ്രകാരം 4 വർഷവും 10,000 പിഴയും ഉൾപ്പടെ ആകെ 7 വർഷം സാധാരണ തടവിനും 20,000രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി ഉത്തരവ്. കൊല്ലം വിജിലൻസ് കോടതി ജഡ്ജ് മോഹിത് സിഎസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡി.വൈ.എസ്.പിയായ പിഡി ശശിആണ് ഈ കേസിന്റെ അന്വേഷണം പൂർത്തികരിച്ച് കുറ്റപത്രം സമർപ്പിച്ചത്.


