ബൈക്ക് വാങ്ങാൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്ന് തള്ളി, മൃതദേഹം കിട്ടിയത് റോഡിലെ കാനയിൽ നിന്ന്

By Web TeamFirst Published Sep 7, 2022, 1:13 PM IST
Highlights

ആഗസ്ത് 22 ന് ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് അറസ്റ്റിലായ പ്രതികളിലൊരാൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

കൊൽക്കത്ത : ബൈക്ക് വാങ്ങാൻ പണം കണ്ടെത്താൻ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊന്ന് തള്ളി. കുട്ടികളുടെ മൃതദേഹം റോഡരികിലെ കാനയിൽ നിന്നാണ് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി സത്യേന്ദ്ര ചൗധരിയടക്കം രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയ്ക്ക് ശേഷം പ്രതികൾ പിടിയിലായതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. 

ആഗസ്ത് 22 ന് ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് അറസ്റ്റിലായ പ്രതികളിലൊരാൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഓടുന്ന കാറിൽ വച്ച് കഴുത്ത് ഞെരിച്ച് കൊന്നശേഷം കുഴിയിൽ തള്ളുകയായിരുന്നു. കൊൽക്കത്തയിലെ ബാഗിഹാട്ടി മേഖലയിൽ നിന്നാണ് അതനു ഡേയെയും അഭിഷേക് നസ്‌കറിനെയും തട്ടിക്കൊണ്ടുപോയത്. അതനുവിൻറെ കുടുംബാംഗങ്ങൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകൾ ലഭിച്ചിരുന്നുവെങ്കിലും അഭിഷേകിനെ കൊലപ്പെടുത്തിയത് തെളിവുകൾ ഇല്ലാതാക്കാനാണെന്ന് പൊലീസ് പറഞ്ഞു. 

ബൈക്ക് വാങ്ങാൻ 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കിയില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു. തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചപ്പോൾ മുതൽ അന്വേഷണം നടത്തിയിരുന്നുവന്ന് പൊലീസ് വ്യക്തമാക്കി. 

അറസ്റ്റിലായ പ്രതികളിലൊരാൾ കൊലപാതകം സമ്മതിക്കുന്നതുവരെ ആൺകുട്ടികൾ മരിച്ചതായി കരുതിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അഭിജിത്ത് ഓഗസ്റ്റ് 22-ന് സത്യേന്ദ്രയും മറ്റ് രണ്ട് മൂന്ന് പേരും ചേർന്ന് കാറിൽ ബസന്തി ഹൈവേയിൽ വെച്ച് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്നതായി സമ്മതിച്ചു. കൂടാതെ രാത്രി 10 മണിക്ക് രണ്ട് മൃതദേഹങ്ങളും ഹൈവേയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായി അവർ സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു.

തങ്ങളുടെ പരാതിയിൽ പൊലീസ് ഗൗരവമായി ഇടപെട്ടില്ലെന്നും സഹായം അഭ്യർത്ഥിക്കാൻ മുഖ്യമന്ത്രിയുടെ വസതിയിൽ  പോയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതായി അതാനു ഡേയുടെ അമ്മ പറഞ്ഞു. നേരത്തേ വിദ്യാർത്ഥികളുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും തിരിച്ചറിയാനാവാത്തനിലാൽ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. 

Read More : വീണ്ടും ദുരഭിമാനക്കൊല, ഇതരജാതിക്കാരിയെ വിവാഹം ചെയ്ത യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു

click me!