'കുടുംബ യാത്രയെന്ന് പേര്, കാറില്‍ കടത്തിയത് 200 കിലോ കഞ്ചാവ്'; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

By Web TeamFirst Published Nov 9, 2021, 12:55 AM IST
Highlights

അനസും ഒപ്പമുണ്ടായിരുന്ന സ്ത്രീയും കഞ്ചാവ് കടത്തുന്ന വാഹനത്തിന് പൈലറ്റായി സഞ്ചരിക്കും. റോഡിൽ വാഹന പരിശോധന ഉണ്ടെങ്കിൽ മുമ്പേ പോകുന്ന ഇവർ കഞ്ചാവുമായി പിന്നാലെ വരുന്ന ഫൈസലിനെ അറിയിക്കും. 

കൊച്ചി: ആന്ധ്രാപ്രദേശിൽനിന്ന് നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന ഇരുനൂറ് കിലോ ക‌ഞ്ചാവ്(Ganja) എറണാകുളം അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ പൊലീസ്(Police) പിടികൂടി. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയും രണ്ട് യുവാക്കളും പിടിയിലായി(Arrest). കുടുംബമായി യാത്രചെയ്യുന്നു എന്ന പേരിലായിരുന്നു ഇവർ സംസ്ഥാന അതിർത്തി കടത്തി കഞ്ചാവ് കൊണ്ടുവന്നത്.
 
ദേശീയ പാതയിലൂടെ കാറിൽ ലഹരിമരുന്ന് കടത്തുന്നു എന്ന് എറണാകുളം റൂറൽ പൊലീസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് രാത്രി നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ ഒളിപ്പിച്ച് കടത്തിയ ക‌ഞ്ചാവ് കണ്ടെടുത്തത്. പെരുമ്പാവൂർ കാഞ്ഞിരക്കാട്ട് കളപ്പുരയ്ക്കൽ വീട്ടിൽ അനസ്, ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി വർഷയേയും പൊലീസ് അറസ്റ്റ് ചെയ്തു. 

രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നും  2000 മുതല്‍ 3000 രൂപക്കാണ് കഞ്ചാവ് ഇവര്‍ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച് 20,000 മുതല്‍ 30,000 രൂപക്ക് വരെയാണ് വില്പന നടത്തുന്നത്.  ഇതരസംസ്ഥാനങ്ങളിൽ നിന്ന് മുന്പും ഇവർ സമാനമായ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് വിവരം. 

രണ്ട് വാഹനങ്ങളിലാണ് കഞ്ചാവ് കടത്ത് സംഘത്തിന്‍റെ യാത്ര. അനസും ഒപ്പമുണ്ടായിരുന്ന സ്ത്രീയും കഞ്ചാവ് കടത്തുന്ന വാഹനത്തിന് പൈലറ്റായി സഞ്ചരിക്കും. റോഡിൽ വാഹന പരിശോധന ഉണ്ടെങ്കിൽ മുമ്പേ പോകുന്ന ഇവർ കഞ്ചാവുമായി പിന്നാലെ വരുന്ന ഫൈസലിനെ അറിയിക്കും. തങ്ങള്‍ കുടുംബമായി യാത്ര കഴിഞ്ഞ് വരികയാണെന്നാകും അനസ് പരിശോധനയ്ക്കെത്തുന്ന പൊലീസുകാരോട് പറയുക. ഇത്തരത്തില്‍ പലപ്പോഴും പൊലീസിനെ കബളിപ്പിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. മധ്യകേരളത്തിൽ വിവിധ ജില്ലകളിൽ വിൽപ്പനയ്ക്കായാണ് ഇവർ ആന്ധ്രയിൽ നിന്ന് ക‌ഞ്ചാവ് കടത്തിയയെന്നാണ് വിവരം.  

click me!