പൊലീസ് നടപടി വൈകി; ബലാത്സംഗത്തിനിരയായ യുവതി സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തു

By Web TeamFirst Published Sep 3, 2019, 11:06 PM IST
Highlights

ആരോപണ വിധേയരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെന്നും ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണെന്നും എസ്‍പി കുല്‍ദീപ് സിംഗ് പറഞ്ഞു.

യമുനാനഗര്‍(ഹരിയാന): ബലാത്സംഗത്തിനിരയായ 23 കാരി പൊലീസ് സ്റ്റേഷനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ജത്‍ലാന പൊലീസ് സ്റ്റേഷനിലാണ് സംഭവം. കൂട്ട ബലാത്സംഗത്തിനിരയായ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചു. ആരോപണ വിധേയരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെന്നും ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണെന്നും എസ്‍പി കുല്‍ദീപ് സിംഗ് പറഞ്ഞു. യുവതിയുടെയും യുവതിയുടെ അച്ഛന്‍റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗ കേസില്‍ മനോജ്, സന്ദീപ്, പര്‍ദ്യുമാന്‍ എന്നിവരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെക്കുറിച്ച് യുവതിയുടെ അച്ഛന്‍ പറയുന്നത് ഇങ്ങനെ: 

2016ലാണ് മകളുടെ വിവാഹം നടന്നത്. കുട്ടികളുണ്ടാകാത്തതിനാല്‍ ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. ഭര്‍തൃവീട്ടുകാരുടെ ശല്യം സഹിക്കാതായതോടെ ഗ്രാമത്തിലെ സ്ത്രീയുടെ സഹായത്തോടെ വിവാഹ മോചനതത്തിന് ശ്രമിച്ചു. എന്നാല്‍, സഹായത്തിനെത്തിയ സ്ത്രീയും അവരുടെ കൂട്ടാളികളും മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു.

എതിര്‍ത്തതോടെ മയക്കുമരുന്ന് നല്‍കി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തു. 2019 മേയ് പത്തിനും ജൂലായ് ഏഴിനും ഇടക്ക് യുവതിയെ ബലാത്സംഗത്തിനിരയാക്കി. മകള്‍ അമ്മാവനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തലവന്‍റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ആഗസ്റ്റ് 13, 19 യമുനാനഗര്‍ എസ്പിക്ക് മുന്നിലെത്തി പരാതി നല്‍കി.

മകളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് ശ്രമിച്ചില്ല. സെപ്റ്റംബര്‍ രണ്ടിനാണ് കേസെടുത്തത്. പൊലീസ് നടപടി വൈകുന്നതില്‍ യുവതി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

click me!