
ബെംഗളൂരു: ലൈംഗിക പീഡനം ചെറുത്ത 23കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ യാദ്ഗീര്‍ ജില്ലയിലെ ഷഹാപൂര്‍ നഗരത്തിന് അടുത്തുള്ള ഗ്രാമത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ഒക്ടോബര്‍ മൂന്നിന് അര്‍ദ്ധരാത്രിക്ക് ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ല എന്ന് അറിയാവുന്ന പ്രതി അവിടെ കയറിചെല്ലുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ ഗംഗപ്പ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. യുവതി ശക്തമായി പ്രതിരോധിച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി. പിന്നീട് മോട്ടോര്‍ സൈക്കിളില്‍ നിന്നും എടുത്ത പെട്രോളുമായി എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തീവയ്ക്കുകയായിരുന്നു.
തീ ആളിക്കത്തുന്നതും, പെണ്‍കുട്ടിയുടെ നിലവിളിയും കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ഇവര്‍ തീ അണച്ച് പെണ്‍കുട്ടിയെ സുരാപുര താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കല്‍ബുര്‍ഗി ജില്ല ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ഒക്ടോബര്‍ നാലിന് രാവിലെ ഇവരുടെ മരണം സംഭവിച്ചു. മരണത്തിന് മുന്‍പ് തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തിരുന്നു.
മനുഷ്യത്വ രഹിതമായ സംഭവം എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച കര്‍ണാടക ആഭ്യന്തരമന്ത്രി, കുറ്റവാളിക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു. പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്ന് അറിയിച്ച മന്ത്രി സംഭവത്തില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam