ഒരേ ഗോത്രത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത മകളെ ശ്വാസം മുട്ടിച്ചുകൊന്ന് കനാലില്‍ തള്ളി ബന്ധുക്കള്‍

By Web TeamFirst Published Feb 22, 2020, 7:14 PM IST
Highlights

ജനുവരി 29 ന് ശീതളിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം വാഗണ്‍ ആര്‍ കാറില്‍ ഇരുത്തി മാതാപിതാക്കള്‍ യുപിയിലേക്ക് വാഹനമോടിച്ച് പോകുകയായിരുന്നു. മതാപിതാക്കളുടെ കാറിനെ അറസ്റ്റിലായ മറ്റ് ബന്ധുക്കള്‍ അനുഗമിച്ചു...

ദില്ലി: ഒരേ ഗോത്രത്തില്‍പ്പെട്ടയാളെ രഹസ്യമായി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് 25 കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ദില്ലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു കനാലിലാണ് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത്. ശീതള്‍ ചൗധരി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവളുടെ ഭര്‍ത്താവ് അങ്കിത് ഭാട്ടി ശീതളിന്‍രെ അതേ ഗോത്രത്തില്‍പ്പെട്ടതാണ്. 

ജനുവരി 29നാണ് കൊലപാതകം നടന്നത്. എന്നാല്‍ കൊലപാതക വിവരം പുറംലോകമറിയാതെ കുടുംബം രഹസ്യമായി സൂക്ഷിച്ചു. ശീതളിനെ തട്ടിക്കൊണ്ടുപോയതായി ഭാട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകമറിഞ്ഞത്. 

ശീതളുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ ഫെബ്രുവരി 18നാണ് ഭാട്ടി പരാതി നല്‍കിയത്. മൂന്ന് ദിവസത്തിന് ശേഷം അശോക് നഗര്‍ പൊലീസ് ശീതളിന്‍റെ കുടുംബത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. പിതാവ് രവീന്ദര്‍ ചൗധരി, അമ്മ സുമന്‍, അമ്മാവന്‍ സഞ്ജയ്, ബന്ധുക്കളായ ഓം പ്രകാശ്, അങ്കിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ശീതളിന്‍റെ മൃതദേഹവും അവള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഉത്തര്‍പ്രദേശ് പൊലീസ് ജനുവരി 30ന് കനാലില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ പൊലീസ് സംസ്കരിക്കുകയും ചെയ്തിരുന്നു. ശീതളിന്‍റെ കുടുംബത്തിനെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പ്രതികള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. 

ജനുവരി 29 ന് ശീതളിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം വാഗണ്‍ ആര്‍ കാറില്‍ ഇരുത്തി മാതാപിതാക്കള്‍ യുപിയിലേക്ക് വാഹനമോടിച്ച് പോകുകയായിരുന്നു. മതാപിതാക്കളുടെ കാറിനെ അറസ്റ്റിലായ മറ്റ് ബന്ധുക്കള്‍ അനുഗമിച്ചു. അലിഗഡിലെ കനാലിന് സമീപത്തെത്തി മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തുവെന്ന് പൊലീസിന് പ്രതികള്‍ മൊഴി നല്‍കി. 
 

click me!