പാലക്കാട് കഞ്ചാവ് വേട്ട; ട്രെയിനിൽ കടത്താൻ ശ്രമിച്ച 26 കിലോ കഞ്ചാവ് പിടികൂടി

By Web TeamFirst Published Dec 21, 2019, 1:34 PM IST
Highlights

രണ്ട് വലിയ ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ട്രെയിനിൽ വലിയ തിരക്കായതിനാൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികളെ പിടികൂടാനായില്ല.

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്‍ ക‌ഞ്ചാവ് വേട്ട. ട്രെയിനിൽ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ വില വരുന്ന 26 കിലോ കഞ്ചാവ് ആർപിഎഫ് ഇന്‍റലിജൻസ് പിടികൂടി.

ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ബെംഗളൂർ കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ്  26 കിലോ കഞ്ചാവ് പിടികൂടിയത്. രണ്ട് വലിയ ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ്  ആർപിഎഫ് ഇന്‍റലിജൻസ് സംഘം ട്രെയിനിൽ പരിശോധന നടത്തിയത്. എന്നാൽ ട്രെയിനിൽ വലിയ തിരക്കായതിനാൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികളെ പിടികൂടാനായില്ല.

കൊച്ചിയിലെത്തിക്കാൻ ബെംഗളൂരുവിൽ നിന്നാണ് കഞ്ചാവ് ട്രെയിനിൽ കയറ്റിയതെന്നാണ് സൂചന. പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് വൻ തോതിൽ കഞ്ചാവടക്കമുള്ള ലഹരിപദാർത്ഥങ്ങൾ സംസ്ഥാനത്ത് എത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ വരും ദിവസങ്ങളിലും ട്രെയിനുകളിൽ വ്യാപക പരിശോധന നടത്തുമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

click me!