ഇതര മതത്തിൽപ്പെട്ട പെൺകുട്ടികൾക്കൊപ്പം ബീച്ചിൽ; മലയാളികളായ 3 ആൺകുട്ടികളെ പേര് ചോദിച്ച് തല്ലിച്ചതച്ചു, കേസ്

By Web TeamFirst Published Jun 2, 2023, 4:09 AM IST
Highlights

ആൺകുട്ടികൾ മൂന്ന് പേരും മുസ്ലിം മതവിഭാ​ഗത്തിൽ നിന്നുള്ളവരും പെൺകുട്ടികൾ‌ ഹിന്ദു വിഭാ​ഗത്തിൽ നിന്നുള്ളവരുമായിരുന്നു. അക്രമികൾ മൂന്ന് യുവാക്കളെയും മർദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മം​ഗളൂരു: കർണാടകയിൽ വീണ്ടും സദാചാര പൊലീസ് ആക്രമണം. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആൺകുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചു. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേർ ഇവരെ തടഞ്ഞത്. തുടർന്ന് അവർ മൂന്ന് ആൺകുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതർക്കമായി.

ആൺകുട്ടികൾ മൂന്ന് പേരും മുസ്ലിം മതവിഭാ​ഗത്തിൽ നിന്നുള്ളവരും പെൺകുട്ടികൾ‌ ഹിന്ദു വിഭാ​ഗത്തിൽ നിന്നുള്ളവരുമായിരുന്നു. അക്രമികൾ മൂന്ന് യുവാക്കളെയും മർദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി  7.20 ഓടെ ഒരു കൂട്ടം സുഹൃത്തുക്കൾ സോമേശ്വര ബീച്ച് കാണാൻ എത്തിയതായിരുന്നു. കുറച്ച് ആളുകൾ വന്ന് പേരടക്കമുള്ള വിവരങ്ങൾ ചോദിച്ച ശേഷം മൂന്ന് ആൺകുട്ടികളെയും മർദിക്കുകയായിരുന്നുവെന്ന് മം​ഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

പൊലീസെത്തിയാണ് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോ​ഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും മെഡിക്കൽ കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്.

കർണാടകയിലെ അടുത്ത ദിവസങ്ങളിൽ സദാചാര പൊലീസ് ആക്രമണം തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ബജ്റം​ഗ് ദള്‍ പ്രവർത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. മുസ്‍ലിം യുവതിയുമായുള്ള സൗഹൃദത്തിന്‍റെ പേരിലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവമുണ്ടായത്. യുവതിക്കൊപ്പം പോകുമ്പോള്‍ ഒരു സംഘമെത്തി അജിത്തിനെ ആക്രമിക്കുകയായിരുന്നു. റോഡ‍ിലൂടെ വലിച്ചിഴച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതിയാണ് സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

'അരിക്കൊമ്പൻ സാധു, ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ'; പദ്ധതിയെന്ത്? നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

 

click me!