ലോക്ക്ഡൗണില്‍ കാമുകിമാരെ കാണാന്‍ രാത്രിയാത്ര, വാതിലില്‍ മുട്ടല്‍; 'ബ്ലാക്ക്മാന്‍'മാരെ കുടുക്കി പൊലീസ്

By Web TeamFirst Published Apr 11, 2020, 8:25 PM IST
Highlights

മാറാട്, ബേപ്പൂര്‍, പന്തീരാങ്കാവ് പ്രദേശങ്ങളില്‍ അറസ്റ്റിലായത് ആകെ 30 പേരാണ്. കഴിഞ്ഞ ദിവസം മാറാട് പൊലീസ് പിടിയിലായ ആദര്‍ശ് പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ രാത്രിയില്‍ കാണാനെത്തിയതായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിലുംപെട്ടു

കോഴിക്കോട്: '' നിങ്ങളറിഞ്ഞോ നാട്ടില്‍ ബ്ലാക്ക്മാന്‍ ഇറങ്ങിയിട്ടുണ്ട്. രാത്രിയില്‍ ഒന്ന് സൂക്ഷിച്ചേക്ക്...'' കോഴിക്കോട് ചില ഭാഗങ്ങളില്‍ നാട്ടുകാര്‍ പരസ്പരം ഇങ്ങനെ ഒരു മുന്നറയിപ്പ് നല്‍കിയിരുന്നു. അങ്ങനെ ചുമ്മാ പറഞ്ഞു പരത്തിയ കഥയൊന്നുമായിരുന്നില്ല ഇത്. ചില മുട്ടലും തട്ടലുമൊക്കെ കേട്ട് പാതി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ പലരും ഭീകരരൂപം കണ്ട് പേടിച്ചിട്ടുണ്ടത്രേ.

എന്തായാലും ഇനി ആ പേടിയില്‍ ആരും കിടന്ന് ഉറങ്ങേണ്ടി വരില്ല. രാത്രികാലങ്ങളില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതരെ പൊലീസ് കണ്ടെത്തി കഴിഞ്ഞു. രാത്രിയില്‍ ഇറങ്ങി നടക്കുകയും വീടുകളില്‍ മുട്ടുകയും ചെയ്യുന്നത് ആരൊക്കെയാണെന്ന് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ് കോഴിക്കോട്ട് രാത്രിയിലെ അജ്ഞാത വിളയാട്ടം തുടങ്ങിയത്. രാത്രിയില്‍ വീടുകളിലെ ജനലുകളിലും വാതിലുകളിലും തട്ടി ശബ്ദമുണ്ടാക്കി പേടിപ്പിക്കുകയാണ് രീതി. മീഞ്ചന്ത, നടുവട്ടം, പന്നിയങ്കര, കണ്ണഞ്ചേരി, വട്ടക്കിണര്‍, തച്ചമ്പലം, മാറാട്, ബേപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നെല്ലാം പരാതികളായി. പൊലീസ് അന്വേഷണവും പട്രോളിംഗും ശക്തമാക്കി.  ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുകയും ചെയ്തു.

മാറാട്, ബേപ്പൂര്‍, പന്തീരാങ്കാവ് പ്രദേശങ്ങളില്‍ അറസ്റ്റിലായത് ആകെ 30 പേരാണ്. കഴിഞ്ഞ ദിവസം മാറാട് പൊലീസ് പിടിയിലായ ആദര്‍ശ് പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ രാത്രിയില്‍ കാണാനെത്തിയതായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിലുംപെട്ടു. കാമുകിയെ കാണാനെത്തിയ അരക്കിണര്‍ സ്വദേശി വിഷ്ണുവും പിടിയിലായി. ഇത്തരക്കാരും മയക്കുമരുന്ന് സംഘങ്ങളും ആളുകൂടുമ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് ബ്ലാക് മാനായും മറ്റും പ്രചരിപ്പിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
 

click me!