Latest Videos

ലോക്ക് ഡൗൺ: ഭക്ഷണം എത്തിക്കുന്നതിന്റെ മറവിൽ മദ്യ വില്‍പ്പന, വില നാലിരട്ടി, ഫുഡ് ഡെലിവറി ജീവനക്കാരന്‍ പിടിയില്‍

By Web TeamFirst Published Apr 11, 2020, 1:39 PM IST
Highlights

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളും സുഹൃത്തുക്കളും വന്‍തോതില്‍ മദ്യം ശേഖരിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജയപാലിന്റെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ബെംഗളൂരു: വീടുകളിൽ ഭക്ഷണം എത്തിച്ചു നല്‍കുന്നതിന്റെ മറവില്‍ മദ്യം വില്‍പ്പന നടത്തിവന്ന ഫുഡ് ഡെലിവറി ജീവനക്കാരന്‍ പിടിയില്‍. ബെംഗളൂരുവിലെ ദൊഡ്ഡദൊഗരുവിലാണ് സംഭവം. ഇരുപത്തി ഒമ്പതുകാരനായ ജയ്പാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലിരട്ടി വിലയാണ് ജയപാൽ മദ്യത്തിന് ഈടാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. സോമശേഖരപാളയയിലെ ഒരു വീട്ടില്‍ മദ്യമെത്തിക്കുന്നതിനിടെയാണ് ജയപാൽ പൊലീസ് പിടിയിലായത്. ഒരു ഭക്ഷണവിതരണ സ്ഥാപനത്തിന്റെ ടീ ഷര്‍ട്ട് അണിഞ്ഞ ഇയാള്‍ മറ്റൊരു സ്ഥാപനത്തിന്റെ പേരിലുള്ള ബാഗിലാണ് ഭക്ഷണമെത്തിച്ചത്. ഇതിൽ സംശയം തോന്നിയ പൊലീസ് ജയപാലിനെ പരിശോധിച്ചു.

പിന്നാലെ ഇയാളുടെ ബാ​ഗിൽ നിന്ന് 90 മില്ലിലിറ്ററിന്റെ മൂന്ന് ടെട്രാപാക്ക് വിദേശമദ്യം കണ്ടെത്തുകയായിരുന്നു. ഇയാളുടെ സുഹൃത്താണ് ഡെലിവറി ബോയിയായി ഭക്ഷണ വിതരണ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ ഫോണില്‍ വിളിച്ച് മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കും. ആവശ്യപ്പെടുന്നവർക്ക് ഭക്ഷണത്തോടൊപ്പം മദ്യവും ഇയാൾ എത്തിച്ചു നല്‍കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളും സുഹൃത്തുക്കളും വന്‍തോതില്‍ മദ്യം ശേഖരിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജയപാലിന്റെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേരത്തേ നഗരത്തിലെ ഒരു മദ്യശാല ശൃംഖലയുടെ പേരില്‍ വ്യാജ ആപ്പ് നിര്‍മിച്ച് മദ്യം വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിരുന്നു. 

click me!