പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് വേട്ട; കൊറിയറില്‍ വന്ന 34 കിലോ ക‌ഞ്ചാവ് വാങ്ങാനെത്തിയവരെ വളഞ്ഞിട്ട് പിടിച്ച് പൊലീസ്

By Web TeamFirst Published Oct 11, 2021, 11:40 PM IST
Highlights

കോതമംഗലം സ്വദേശി മുഹമ്മദ് മുനീർ, മാറമ്പള്ളി സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്. കൊറിയറിൽ പാഴ്സലായി എത്തിയ കഞ്ചാവ് വാങ്ങാനെത്തിയതാണ് ഇവർ.

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ  കഞ്ചാവ് വേട്ട. കൊറിയർ വഴി എത്തിച്ച 34 കിലോ ക‌ഞ്ചാവുമായി (cannabis) രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി (arrest). പൊലീസ് പ്രതികളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

കോതമംഗലം സ്വദേശി മുഹമ്മദ് മുനീർ, മാറമ്പള്ളി സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്. കൊറിയറിൽ പാഴ്സലായി എത്തിയ കഞ്ചാവ് വാങ്ങാനെത്തിയതാണ് ഇവർ. പാഴ്സൽ വാങ്ങാനെത്തിയപ്പോൾ പൊലീസ് ഇവരെ വളയുകയായിരുന്നു. റൂറൽ എസ് പി  കെ കാർത്തിക്കിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൂന്ന് വലിയ പാഴ്സലുകളായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

നേരത്തെ അങ്കമാലിയിൽ നിന്ന് 105 കിലോ കഞ്ചാവും ആവോലിയിലെ വാടക വീട്ടിൽ നിന്ന് 35 കിലോ കഞ്ചാവും പിടിച്ചിരുന്നു. ഈ കഞ്ചാവും ആന്ധ്രയിൽ നിന്നാണ് കൊണ്ടുവന്നത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കഞ്ചാവ് വേട്ട. പ്രതികൾ പാർസൽ വാങ്ങാനെത്തിയ കെ.എൽ 7 സിപി 4770 വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് മുനീറിനെ കൊറിയർ സ്ഥാപനത്തിന് അകത്ത് നിന്നും,  അർഷാദിനെ കാറിനകത്ത് നിന്നുമാണ് പൊലീസ് വളഞ്ഞ് പിടികൂടിയത്.

click me!