പുനർവിവാഹ പരസ്യത്തിലൂടെ പരിചയം; യുവാവിനെ പറ്റിച്ച് 36 കാരി തട്ടിയത് നാല് ലക്ഷവും 2 സ്മാര്‍ട്ട്ഫോണും

By Web TeamFirst Published Sep 26, 2022, 10:18 AM IST
Highlights

ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞാണ് യുവതി യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനിടെ സംശയം തോന്നിയ യുവതി വീട്ടില്‍ നിന്നും മുങ്ങിയിരുന്നു.

പത്തനംതിട്ട: പുനർവിവാഹ പരസ്യത്തിലൂടെ പരിചപ്പെട്ട യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ യുവാവിനെയാണ് യുവതി പറഞ്ഞ് പ്രലോഭിപ്പിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തത്. യുവാവിന്‍റെ പരാതിയില്‍  ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ്‌ പുത്തൻതുറ വീട്ടിൽ വിജയന്റെ മകൾ വി.ആര്യ (36)യെ പൊലീസ് പിടികൂടി.  പത്തനംതിട്ട കോയിപ്രം പൊലീസാണ് യുവതിയെ പിടികൂടിയത്. 

2020 മേയിൽ, കോയിപ്രം കടപ്ര സ്വദേശി അജിത് നൽകിയ പുനർവിവാഹ പരസ്യം കണ്ടാണ് ആര്യ ഫോണിലൂടെ  ഇയാളെ ബന്ധപ്പെടുന്നത്. സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നാണ് ആര്യ അജിത്തിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. തുടര്‍ന്ന്  അമ്മയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ് കഴിഞ്ഞ ഡിസംബർ വരെ പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ യുവാവില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.  കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക യുവാവ് കൈമാറിയത്. പണം കൂടാതെ രണ്ടു പുതിയ മൊബൈൽ ഫോണുകളും യുവതി തന്നെ കബളിപ്പിച്ച് കൈക്കലാക്കിയതായി യുവാവ് പറയുന്നു. 

ഒടുവില്‍ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അജിത്, 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.  . കോയിപ്രം എസ്ഐ രാകേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പണം കൈമാറിയ രേഖകളും  മൊബൈൽ ഫോൺ വാങ്ങിയ തിരുവല്ലയിലെ മൊബൈൽ കടയിലും, ഫോൺ വിൽക്കാൻ ഏൽപ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും പൊലീസ് തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്നാണ് അന്വേഷണം ആര്യയിലേക്കെത്തിയത്. 

 അന്വേഷണത്തിൽ ആര്യയ്ക്കു സഹോദരിയില്ലെന്ന് പൊലീസ് കണ്ടെത്തി. ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞാണ് യുവതി യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനിടെ സംശയം തോന്നിയ യുവതി വീട്ടില്‍ നിന്നും മുങ്ങിയിരുന്നു. പിന്നീട് മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണത്തില്‍ പ്രതി പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ചോദ്യം ചെയ്യലിൽ ആര്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവാവിനെ കബളിപ്പിച്ച് തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ ആര്യയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതി  സമാന രീതിയിലുള്ള കുറ്റകൃത്യം  നടത്തിയിട്ടുണ്ടോ എന്നതും, സംഭവത്തിന് പിന്നില്‍ കൂടുതൽ പ്രതികളുണ്ടോ എന്നും പൊലീസ് അന്വേഷണിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

Read More : വാട്സാപ്പിലൂടെ വ്യാജ നിയമനോത്തരവ്, ലക്ഷങ്ങളുടെ തട്ടിപ്പ്, വണ്ടിച്ചെക്ക്; കോഴിക്കോട്ട് യുവതി അറസ്റ്റിൽ

tags
click me!