
തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതികളായ ഗുണ്ടകൾ പിടിയിലായി. പോത്തൻകോട് വട്ടപ്പാറ മേഖലകളിൽ ഗുണ്ടാ പ്രവർത്തനം നടത്തി വന്ന, കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വെട്ടുകത്തി ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്.
ജനുവരി 22 ന് രാത്രി വട്ടപ്പാറ സ്വദേശി മോഹനനെ വീട് കയറി ആക്രമിക്കുകയും, അന്നേ ദിവസം തന്നെ കുറ്റിയാനി മുംതാസ് മൻസിൽ ഷജീറിനെ പോത്തൻകോട് വച്ചു വെട്ടി പേരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസുകളിൽ ആണ് സംഘം പിടിയിലായത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇടുക്കി കട്ടപ്പനയിലെ രഹസ്യ സങ്കേതത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
കൊലക്കേസ് ഉൾപ്പടെ 12 കേസുകളിൽ പ്രതിയായ വെട്ടുകത്തി ജോയി എന്ന് അറിയപ്പെടുന്ന പന്തലക്കോട് ജോളി ഭവനിൽ ജോയ്, നാല് വധശ്രമ കേസുകൾ ഉൾപ്പടെ ആറോളം കേസുകളിൽ പ്രതിയായ പന്തലക്കോട് വാഴോട്ട്പോയ്‌ക വീട്ടിൽ പ്രസാദ്, അഞ്ചു കേസുകളിൽ പ്രതിയായ പന്തലക്കോട് ജെ.എസ് ഭവനിൽ സുജിജോൺ, അഞ്ചു കേസുകളിൽ പ്രതിയായ വേറ്റിനാട് വിശ്വാസ് ഭവനിൽ ഉദയസൂര്യൻ എന്നിവരാണ് പിടിയിലയത്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ വട്ടപ്പാറ സി.ഐ ശ്രീജിത്ത്, പോത്തൻകോട് സി.ഐ മിഥുൻ,വട്ടപ്പാറ എസ്.ഐ ശ്രീലാൽ നെടുമങ്ങാട് ഡാൻസഫ് എസ്.ഐ ഷിബു, അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.