ക്യാബിനിനുള്ളിൽ പുകമണം, പരിശോധനയിൽ ശുചിമുറിയിൽ ബീഡിയുമായി 42കാരൻ, അറസ്റ്റ്

By Web TeamFirst Published Mar 6, 2024, 9:02 AM IST
Highlights

വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ മുംബൈ പൊലീസാണ് മുഹമ്മദ് ഫക്രുദീൻ മുഹമ്മദ് അമറുദ്ദീൻ എന്ന 42കാരനായ യാത്രക്കാരനെ അറസ്റ്റ് ചെയ്തത്

മുംബൈ: വിമാനത്തിനുള്ളിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ച 42കാരൻ അറസ്റ്റ്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് വന്ന യാത്രക്കാരനാണ് വിമാനത്തിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചത്. ക്യാബിനുള്ളിൽ രൂക്ഷമായ ഗന്ധം നിറഞ്ഞതിന് പിന്നാലെ വിമാന ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പുകമണം ശുചിമുറിയിൽ നിന്നാണെന്ന് വ്യക്തമാവുന്നത്. 

വിമാനജീവനക്കാർ ചോദ്യം ചെയ്തപ്പോൾ യാത്രക്കാരൻ ബീഡി വലിക്കുകയായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ മുംബൈ പൊലീസാണ് മുഹമ്മദ് ഫക്രുദീൻ മുഹമ്മദ് അമറുദ്ദീൻ എന്ന 42കാരനായ യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336ാം വകുപ്പ് അനുസരിച്ചും എയർക്രാഫ്റ്റ് ആക്ട് അനുസരിച്ചുമാണ് അറസ്റ്റ്.  അപരന്റെ സുരക്ഷ അപകടത്തിലാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് നടപടി. 

കുറ്റം തെളിഞ്ഞാൽ ഈ വകുപ്പ് അനുസരിച്ച് മൂന്ന് മാസത്തെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. കഴിഞ്ഞ മെയിൽ ബെംഗളുരുവിൽ ഒരാൾ സമാനമായ സംഭവത്തിൽ അറസ്റ്റിലായിരുന്നു. രാജസ്ഥാൻ സ്വദേശിയാണ് അകാശ എയറിന്റെ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ ബീഡി വലിച്ചതിന് അറസ്റ്റിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!