
കോയമ്പത്തൂർ: ദുബായിൽ ഇരുപത് വർഷമായി ട്രാവൽ ഏജൻസി നടത്തിയിരുന്ന 47കാരന്റെ മരണം കൊലപാതകം. മൂന്ന് സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. കോയമ്പത്തൂർ പീലമേടിലാണ് സംഭവം. തഞ്ചാവൂരിലെ പുലിയന്തോപ്പ് സ്വദേശിയായ ഡി സിഗാമണിയുടെ മൃതദേഹം അജ്ഞാത മൃതദേഹമെന്ന നിലയിലാണ് സംസ്കരിച്ചത്.
എന്നാൽ ദിവസങ്ങൾക്ക് ശേഷം ഭർത്താവിനേക്കുറിച്ച് വിവരമില്ലെന്നും കോയമ്പത്തൂർ സ്വദേശിനിയുമായി അവിഹിത ബന്ധമുണ്ടെന്നും കാണിച്ച് സിഗാമണിയുടെ ഭാര്യ പ്രിയ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ ഫോൺ ലൊക്കേഷൻ അടക്കമുള്ളവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്ത് വന്നത്. വർഷങ്ങളായി ദുബായിയിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന 47കാരൻ കോയമ്പത്തൂർ സ്വദേശിനിയായ ശാരദ ഷൺമുഖവുമായി അവിഹിത ബന്ധത്തിലായിരുന്നു. ഭർത്താവിന്റെ മരണ ശേഷം ജോലി തേടിയായിരുന്നു ശാരദ ദുബായിലെത്തിയത്.
സിഗാമണിയും ശാരദയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഏപ്രിൽ 22ന് സിഗാമണി ദുബായിൽ നിന്ന് കോയമ്പത്തൂരിലെത്തിയിരുന്നു. ഏപ്രിൽ 24 വരെ ഭർത്താവുമായി സംസാരിച്ചിരുന്നതായാണ് പ്രിയ പൊലീസിനോട് വിശദമാക്കിയത്. ഇതിന് പിന്നാലെ സിഗാമണിയെ ബന്ധപ്പെടാൻ ആവാതെ വന്നതോടെ ദുബായിലുള്ള സിഗാമണിയുടെ ബന്ധുക്കൾ ശാരദയെ കണ്ടിരുന്നു. എങ്കിലും 47കാരനേക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. ശാരദയുടെ കുടുംബമാണ് ഭർത്താവിന്റെ തിരോധാനത്തിന് പിന്നിലെന്നായിരുന്നു പ്രിയ പരാതിപ്പെട്ടത്.
47കാരനെ കാണാനില്ലെന്ന് പൊലീസ് പരാതി എടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശാരദയുമായി ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ശാരദയുടെ രണ്ടാനച്ഛനായ 69കാരൻ ത്യാഗരാജനെ പൊലീസ് വിളിട്ടു. തിരുപ്പൂരിലാണ് എന്നായിരുന്നു ഇയാളുടെ മറുപടി. ഏപ്രിൽ 30 ന് സ്റ്റേഷനിലെത്തണമെന്ന് നിർദ്ദേശിച്ചിട്ടും ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയില്ല. ഇതോടെയാണ് ത്യാഗരാജനെ പൊലീസ് ലൊക്കേറ്റ് ചെയ്തത്. ശാരദയുടെ ഭർത്താവി ഗുണവേലിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയ്ക്കിടെ ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു 69കാരൻ.
ദുബായിൽ വിവിധ സ്ഥാപനങ്ങളിൽ ചെറു ജോലികൾ ചെയ്തിരുന്ന ശാരദയെ സിഗാമണി മർദ്ദിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും ശാരദ തുറന്ന് പറഞ്ഞതിന് പിന്നാലെ ക്രൂരമായി ആക്രമിച്ചതോടെ വിവരം ശാരദ അമ്മ ഗോമതിയോട് പറഞ്ഞിരുന്നു. ഇവർ മുഖേനയാണ് ശാരദയുടെ രണ്ടാനച്ഛൻ ത്യാഗരാജൻ വിവരം അറിയുന്നത്. ഇതോടെ സിഗാമണിയെ കോയമ്പത്തൂരിലേക്ക് എത്തിക്കാൻ ഇയാൾ ശാരദയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഏപ്രിൽ 24ന് രാക്രി ശാരദയുടെ ബന്ധുക്കളും സിഗാമണിയും ഒന്നിത്ത് ഭക്ഷണം കഴിക്കാനായി ഒന്നിച്ചെത്തി.
മദ്യത്തിൽ മുപ്പതോളം ഉറക്കുഗുളിക കലർത്തി നൽകി. ഇതിന് പുറമേ വേദന സംഹാരി ഗുളികകളും ഉറക്കുമരുന്നും കലർത്തിയ ചിക്കൻ കറിയും 47കാരന് നൽകി. ഭക്ഷണത്തിന് ശേഷം മയക്കത്തിലായ 47കാരനെ ത്യാഗരാജൻ കൊലപ്പെടുത്തി. അടുത്ത ദിവസം കരൂരിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട മൃതദേഹം തിരിച്ചറിയപ്പെടാതിരുന്നതിനാൽ ഏപ്രിൽ 28ന് അജ്ഞാത മൃതദേഹമെന്ന നിലയിൽ സംസ്കരിച്ചിരുന്നു. നിലവിൽ വിദേശത്തുള്ള ശാരദയെ തിരികെ കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam