
ബെംഗളൂരു: കുടകിലെ കണ്ണൂർ സ്വദേശി പ്രദീപന്‍റെ കൊലപാതകത്തില്‍ ചുരുളഴിയുന്നു. പണം മോഷ്ടിക്കാനായി ആസൂത്രണം ചെയ്ത കൊലപാതകത്തിലെ മുഖ്യപ്രതി, കുടകിലെ പൊന്നമ്പേട്ട് സ്വദേശി അനിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിവാഹം കഴിക്കാനുള്ള പണം കണ്ടെത്താനാണ് അനിൽ കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അനിൽ അടക്കം അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹം കഴിക്കാൻ പണം കണ്ടെത്താനെന്ന് ഒറ്റയ്ക്ക് താമസിക്കുന്ന പ്രദീപനെ അനിൽ ലക്ഷ്യമിട്ടു. സ്ഥലം വില്പനയുടെ പേരിൽ പ്രദീപനുമായി ബന്ധം സ്ഥാപിച്ച് സ്വത്ത് വിവരങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവും മനസ്സിലാക്കി അനിൽ, നാല് പേരെ കൂടെക്കൂട്ടിയാണ് കൃത്യം നടത്തിയത്. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് അനിൽ മറ്റ് പ്രതികളെ കൂടെക്കൂട്ടിയതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 23നാണ് വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിൽ പ്രദീപിനെ കഴുത്തിൽ കേബിൾ മുറുക്കി കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസില്‍ കർണാടക സ്വദേശികളായ അനിൽ, ഹരീഷ്, സ്റ്റീഫൻ, കാർത്തിക്, ദീപക് എന്നിവരെയാണ് ഗോണിക്കുപ്പ പൊലീസ് ഇന്നലെ പിടികൂടിയത്. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ എത്തിയ പ്രതികൾ ആസൂത്രിതമായി പ്രദീപിനെ കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. 13 ലക്ഷത്തോളം രൂപ സംഘം മോഷ്ടിച്ചു. സ്വത്ത് രേഖകളും മൊബൈൽ ഫോണും കവർന്നു. ഇവർ ഉപയോഗിച്ച ബൈക്കുകളും മോഷണ മുതലുകളും പൊലീസ് പിടികൂടി. വർഷങ്ങളായി കുടകിലായിരുന്നു പ്രദീപൻ താമസം. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam