ഒന്നും രണ്ടുമല്ല, അമ്പതെണ്ണം, 'എല്ലാം പണിയായുധങ്ങളാ'; കൊച്ചിയിലെ കള്ളന്‍റെ 'ടൂൾകിറ്റ്' കണ്ട് ഞെട്ടി പൊലീസ്

By Web TeamFirst Published Sep 24, 2022, 10:31 PM IST
Highlights

സ്വർണ്ണം ഊതി കാച്ചാൻ ഉള്ള ഇലക്ട്രിക് ബ്ലോവർ മുതൽ വാതിൽ തുരക്കാനുള്ള ഡ്രില്ലും അത് പ്രവർത്തിപ്പിക്കാനുള്ള ബാറ്ററിയും വരെയുണ്ട് ഈ ബർമൂഡ കള്ളന്‍റെ ടൂൾ കിറ്റിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ കള്ളന്‍റെ ടൂൾ കിറ്റ് കണ്ടാൽ ആരായാലും ഞെട്ടിപ്പോകും. ബർമൂഡ കള്ളൻ എന്ന് കുപ്രസിദ്ധി നേടിയ കൊച്ചിയിലെ കള്ളനിൽ നിന്ന് പൊലീസ് കണ്ടെത്തിയത് വിവിധ തരത്തിലുള്ള അമ്പതോളം ആയുധങ്ങളായിരുന്നു. സ്വർണ്ണം ഊതി കാച്ചാൻ ഉള്ള ഇലക്ട്രിക് ബ്ലോവർ മുതൽ വാതിൽ തുരക്കാനുള്ള ഡ്രില്ലും അത് പ്രവർത്തിപ്പിക്കാനുള്ള ബാറ്ററിയും വരെയുണ്ട് ഈ ബർമൂഡ കള്ളന്‍റെ ടൂൾ കിറ്റിൽ. പെരുമ്പാവൂർ സ്വദേശി ജോസ് മാത്യുവാണ് ഇത്രയും വലിയ ടൂൾ കിറ്റുള്ള കള്ളൻ.

ബർമുഡ ധരിച്ച് മാത്രം മോഷമം നടത്തുന്നതിനാൽ ബർമുഡ കള്ളൻ എന്നായിരുന്നു ജോസ് മാത്യുവിന്‍റെ വിളിപ്പേര്. മോഷണത്തിന്‍റെ പല സി സി ടി വി ദൃശ്യങ്ങളിലും ബർമുഡ കള്ളനെ കണ്ടിരുന്നെങ്കിലും ആളെ പിടികൂടാനാകാത്തതിനാൽ വലയുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് വട്ടക്കാട്ടുപടിയിലെ വീട്ടിൽ നിന്നും 16 പവൻ സ്വർണവും പണവും കവർന്ന കേസ് എത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കവെ മോഷണം നടത്തിയത് ബർമൂഡ കള്ളനാണെന്ന് വ്യക്തമായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.

വീഡിയോ കാണാം

ടൂൾകിറ്റിൽ അമ്പതോളം ആയുധങ്ങൾ

അക്ഷരാർത്ഥത്തിൽ ബർമൂഡ കള്ളന്‍റെ ടൂൾ കിറ്റ് കണ്ട് പൊലീസ് ഞെട്ടിപ്പോയെന്ന് പറയാം. ടൂൾ കിറ്റിനകത്ത് അമ്പതോളം ആയുധങ്ങളാണ് ഉണ്ടായിരുന്നത്. ഇത് കണ്ട ഞെട്ടൽ പൊലീസിന് ഇനിയും വിട്ട് മാറിയിട്ടില്ല. ഡ്രിൽ ചെയ്യാൻ വിവിധ വലിപ്പത്തിലുള്ള ബിറ്റുകൾ , ചെറുതും വലുതുമായ ബ്ലേഡുകൾ , മിനി ടോർച്ച് , വോൾട്ട് മീറ്റർ , നിരവധി ബാറ്ററികൾ തുടങ്ങിയവ ബർമൂഡ‍ കള്ളന്‍റെ ചുരുക്കം ചില ടൂളുകൾ മാത്രം. മോഷ്ടിക്കുന്ന സ്വർണം സ്വയം ഉരുക്കാനും രൂപം മാറ്റാനും ഇയാൾക്കറിയാമെന്നും പൊലീസ് പറയുന്നു. കൂൺ കൃഷിയും മത്സ്യകൃഷിയും നടത്തി കർഷകനായിട്ടായിരുന്നു ഇയാൾ നാട്ടിൽ വിലസിയിരുന്നത്. സമ്പന്നരുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു കവർച്ച. അമ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസ് മാത്യുവെന്നും പൊലീസ് വ്യക്തമാക്കി.

ബർമുഡയിട്ട് കിലോമീറ്ററോളം നടന്ന് മോഷണം; ഒടുവിൽ 'ബർമുഡ കള്ളൻ' പിടിയിൽ, ഒറ്റയടിക്ക് തെളിഞ്ഞത് ഇരുപതോളം മോഷണകേസ്

click me!